തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാഥിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി തമിഴ്നാട് പൊലീസിന് കത്തു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുന്നതിനായി ഇടപണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എംഎല്‍മാരായ എം നൗഷാദ്, എം മുകേഷ്, മേയര്‍ വി രാജേന്ദ്ര ബാബു എന്നിവര്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തമിഴ്നാട് കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നുണ്ട്.

സംസ്ഥാന പോലീസ് മേധാവി തമിഴ്നാട് ഡി.ജി.പിയുമായും ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ വിശ്വനാഥന്‍ ഐ.പി.എസ്സുമായും ബന്ധപ്പെട്ടിരുന്നു.

കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കമ്മീഷണറും അഡീഷണല്‍ പോലീസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്.പി. തലത്തിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.