യൂറോ കപ്പ് ഫുടബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ. വമ്പന്‍ ടീമുകളെല്ലാം ഗോളുകള്‍ അടിച്ചുകൂട്ടി മികച്ച വിജയങ്ങളുമായി മുന്നേറ്റം നടത്തി.

നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, കരുത്തരായ ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ വിജയിച്ചു.

വിവിധ ഗ്രൂപ്പുകളിലായി നടന്ന ഏഴു യോഗ്യതാ മല്‍സരങ്ങളില്‍ 28 ഗോളുകളാണ് കണ്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഹാരി കെയ്നിന്‍റെയും ഹാട്രിക്കായിരുന്നു ഇന്നലത്തെ മത്സരങ്ങളുടെ സവിശേഷത.

ഗ്രൂപ്പ് ബിയില്‍ ഏകപക്ഷീയമായ ആറ് ഗോളുകല്‍ക്കാണ് പോര്‍ച്ചുഗല്‍ ലിത്വാനിയയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളുമായി സൂപ്പര്‍താരം റൊണാള്‍ഡോ ഹാട്രിക് പൂര്‍ത്തിയാക്കി. 7, 22, 65 മിനിറ്റുകളിലായിരുന്നു റോണോ വില നിറച്ചത്.

ദേശീയ ടീമിനായി ഒമ്പതാമത്തെയും കരിയറിലെ 55ാമത്തെയും ഹാട്രിക്കാണ് റൊണാള്‍ഡോ നേടിയത്. ഇതോടെ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടുന്ന ഗോളുകളുടെ എണ്ണം 98 ആയി.

രണ്ടാം പകുതി തുടങ്ങി 13 മിനുട്ടിനുള്ളില്‍ പോര്‍ച്ചുഗല്‍ നാല് ഗോളുകള്‍ നേടി. ഞായറാ‍ഴ്ച ലക്സംബര്‍ഗിനെതിരെ ജയം നേടിയാല്‍ മാത്രമേ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ഇത്തവണ യൂറോയ്ക്ക് യോഗ്യത നേടാനാകൂ.

ഗ്രൂപ്പ് എയില്‍ മോണ്ടെനെഗ്രോയെ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. 18, 24, 37 മിനിറ്റുകളിലായിരുന്നു കെയ്‌നിന്‍റെ ഹാട്രിക്ക്. ഈ ജയത്തോടെ ഇംഗ്ലണ്ട് യൂറോ കപ്പിന് യോഗ്യത നേടി.

ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് 2-1ന് മാള്‍ഡോവയെ തോല്‍പ്പിച്ചു. മാള്‍ഡോവയ്‌ക്കെതിരേ ഗോള്‍ വഴങ്ങിയ ശേഷമാണ് ഫ്രാന്‍സ് ജയവുമായി രക്ഷപ്പെട്ടത്.

ഒമ്പതാം മിനിറ്റില്‍ തന്നെ വാദിം റാത്തയുടെ ഗോളില്‍ മാള്‍ഡോ മുന്നിലെത്തിയിരുന്നു. 35ാം മിനിറ്റില്‍ റാഫേല്‍ വരാനെയിലൂടെ ഫ്രാന്‍സ് ഒപ്പമെത്തി. 77ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഒലിവര്‍ ജിറൂഡിന്‍റെ വകയായിരുന്നു ഫ്രാന്‍സിന്‍റെ വിജയഗോള്‍.

മറ്റ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക് 2-1ന് കൊസോവോയെ മറികടന്നു. സെര്‍ബിയ 3-2ന് ലക്‌സെംബര്‍ഗിനെ തോല്‍പ്പിച്ചു. തുര്‍ക്കി-ഐസ്ലാന്‍ഡ് (0-0), അന്‍ഡോറ- അല്‍ബേനിയ (2-2) മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.