ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോര്‍ ഫാത്തിമ’ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭനാണ് ഫാത്തിമയുടെ മരണത്തിന് കാരണമെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ക്യാമ്പയിന്‍.

അഡി. പൊലീസ് കമ്മിഷണര്‍ സി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഡി. ഡെപ്യൂട്ടി കമ്മിഷണറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക ഓഫീസറുമായ മേഘലിന, അസി. കമ്മിഷണര്‍ എസ്. പ്രഭാകരന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടാവും.

എം.എ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള ഫാക്കല്‍ട്ടി അംഗങ്ങള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മതപരമായ വേര്‍തിരിവ് പ്രകടമാക്കിയിരുന്നുവെന്നും ഫാത്തിമയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഫാത്തിമയുടെ ഫോണില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

കേസില്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഫാത്തിമയുടെ ആത്മഹത്യ ഇന്ത്യന്‍ കലാലയങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു.

സംഭവത്തില്‍ ഐ.ഐ.ടി ക്യാമ്പസിന് പുറമെ, കേരളത്തിലെ വിവിധ സര്‍വകലാശാല ക്യാമ്പസുകളിലും കോളേജുകളിലും എസ്എഫ്‌ഐയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.