രണ്ടുവര്‍ഷംമുമ്പ് കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം. മരിച്ചയാളുടെ മൂന്ന് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു.ചാലിയം കടല്‍ത്തീരത്തുനിന്ന് ബേപ്പൂര്‍ പോലീസിന് 2017 ഓഗസ്റ്റ് 13-ന് ലഭിച്ച തലയോട്ടി ഉപയോഗിച്ചാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. കൊല്ലപ്പെടുംമുമ്പ് മദ്യപിച്ചിരുന്നെന്നും നാലു മണിക്കൂര്‍മുമ്പ് ഭക്ഷണം കഴിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

ശരാശരി 165 സെന്റീമീറ്റര്‍ ഉയരമുള്ള യുവാവിന്റേതാകാം മൃതദേഹമെന്നാണ് ഫൊറന്‍സിക് അധികൃതരുടെ അഭിപ്രായം. തലയോട്ടിയിലുണ്ടായിരുന്ന പല്ലുകള്‍ മുഴുവന്‍ പുകയിലക്കറപിടിച്ചനിലയിലായിരുന്നു. മരണത്തിനുമുമ്പ് കഴുത്തില്‍ ശക്തമായ ബലപ്രയോഗമുണ്ടായി.

മൃതദേഹം കണ്ടെത്തുമ്പോള്‍ അഞ്ചു ദിവസംമുതല്‍ ഏഴു ദിവസംവരെ പഴക്കമുണ്ടായിരുന്നു. അഗസ്ത്യന്‍മുഴിയിലെ റോഡരികില്‍നിന്നാണ് ജൂലായ് ആറിന് ഉടല്‍ഭാഗം കണ്ടെത്തിയത്.ചാലിയം കടല്‍ത്തീരത്ത് ലൈറ്റ് ഹൗസിന് സമീപം തലയോട്ടിയും കണ്ടെത്തി.