ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

രാജ്യത്ത് ഹിന്ദുത്വ -കോര്‍പറേറ്റ് ഐക്യ ഭരണമാണ് നടക്കുന്നത്. ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോഡിയുടെ മുദ്രാവാക്യം. ജനാധിപത്യാവകാശം നിഷേധിച്ചും -ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയും ഹിന്ദുത്വരാഷ്ട്ര നിര്‍മിതിക്കായുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

കോര്‍പറേറ്റ്- ഹിന്ദുത്വ അജന്‍ഡയും വലതുപക്ഷവല്‍ക്കരണവും എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ. സ്വാതന്ത്ര്യത്തിനു മുമ്പ് ആര്‍എസ്എസ് പ്രഖ്യാപിച്ചതാണ് ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം. ഹിന്ദു-മുസ്ലിം രാഷ്ട്രവാദത്തെ അന്നും ശക്തമായി എതിര്‍ത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. രാഷ്ട്രീയത്തില്‍ മതത്തിന് സ്ഥാനമില്ലെന്നതാണ് മതേതരത്വത്തിന്റെ സവിശേഷത. ഇത് കൃത്യമായി നിര്‍വചിച്ചതും ഈ ആശയത്തെ ശക്തിപ്പെടുത്തിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു.

സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തികാടിമത്തത്തില്‍ നിന്നുള്ള വിമോചനം, ഭാഷാസംസ്ഥാന രൂപീകരണം, ഭൂപരിഷ്‌കരണം തുടങ്ങിയ നിലപാടുകളും മുന്നോട്ടുവച്ചു. വൈവിധ്യങ്ങളെ ചേര്‍ത്ത് ആധുനിക ഭാരതത്തിന്റെ രൂപരേഖ നിര്‍മിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടി വലിയ സംഭാവന നല്‍കി. വര്‍ഗീയതയെ നിശിതമായി എതിര്‍ത്തുള്ള ആശയസമരം രൂപപ്പെടുത്തി. ഈ ആശയപോരാട്ടം ഭയക്കുന്നതിനാലാണ് ആര്‍എസ്എസ് ഇന്നും മുഖ്യശത്രുവായി കമ്യൂണിസ്റ്റ് പാര്‍ടിയെ കാണുന്നതും ലക്ഷ്യമിടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here