ശബരിമല വിധിയിലെ അവ്യക്തതകള്‍; അഡ്വ. ടികെ സുരേഷ് എ‍ഴുതുന്നു

ടി കെ സുരേഷ് എ‍ഴുതുന്നു..

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനാ സ്ഥാപനമായ സംസ്ഥാന സർക്കാറിനെ, ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമാക്കുന്ന തരത്തിലും, നടപ്പാക്കേണ്ട കാര്യത്തിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളില്ലാതെയും,
ഭരണഘടനയുടെ കാവലാളാകേണ്ട ബഹുമാനപ്പെട്ട പരമോന്നത നീതിപീഠത്തിന്റെ വിധിയുണ്ടാകുന്നുണ്ടെങ്കിൽ അത് തികച്ചും നിർഭാഗ്യകരമാണ്.

ഏറ്റവും ചുരുങ്ങിയത് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 28-09-2018 തിയ്യതിയിലെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നെങ്കിലും വ്യക്തമായ ഒരു വരിയായി ഇന്നത്തെ വിധിയിൽ എഴുതിച്ചേർക്കാനുള്ള കൂടുതൽ ഉന്നതമായ ജുഡീഷ്യൽ ഉത്തരവാദിത്വം കാണിക്കണമായിരുന്നു ബഹുമാന്യരായ അഞ്ച് അംഗങ്ങൾ ഉൾപ്പെട്ട ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉന്നതമായ ഭരണഘടനാ ബഞ്ചെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച 28-09-2018 തിയ്യതിയിലെ
സുപ്രീംകോടതി വിധിയിൽ മേലുള്ള റിവ്യൂ ഹരജികൾ പരിഗണിച്ചു കൊണ്ട് , അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ 5 ൽ 3 പേരുടെ ഭൂരിപക്ഷ ഉത്തരവിലൂടെ റിവ്യൂ ഹരജികൾ ഇന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണയ്ക്കു വിട്ടു എന്നു വ്യക്തമായും മനസ്സിലാക്കാം .

പക്ഷേ 28-09-2018 തിയ്യതിയിലെ വിധിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ് എന്നതാണ് മനസ്സിലായിട്ടില്ലാത്ത സുപ്രധാന വിഷയം.

ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് , ജസ്റ്റിസ്സുമാരായ ഇന്ദുമൽഹോത്ര, എ.എം. ഖാന്‍വില്‍കര്‍ എന്നിവർ ഒപ്പിട്ട 9 പേജുള്ള വിധിയിലെ അവസാന പേജിലെ അവസാന പാരഗ്രാഫായ 9ൽ ഇങ്ങിനെ പറയുന്നു
Para 9. The subject review petitions as well as the writ petitions may, accordingly, remain pending until determination of the questions indicated above by a Larger Bench as may be constituted by the
Hon’ble the Chief Justice of India.
പുന:പരിശോധനാ ഹര്‍ജികളും
(ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായവ) മറ്റ് റിട്ട് ഹരജികളും തീർപ്പാകാതെ നിലനിൽക്കുന്നു . അതുൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ബഹു:ചീഫ് ജസ്റ്റിസ് കോൺസ്റ്റിറ്റ്യൂട്ട് ചെയ്യുന്ന
ഒരു വിശാല ബഞ്ച് തീരുമാനിക്കട്ടെ .

എന്നു വെച്ചാൽ അതിനർത്ഥം
28-9-18 തിയ്യതിയിലെ വിധിയുടെ മേൽ ബഹുമാന്യരായ ഈ മൂന്നു ന്യായാധിപരും
കൈ വെച്ചിട്ടില്ല എന്നു തന്നെയാണ്. ഇതിൽ എവിടെയും 28-09-2018 തിയ്യതിയിലെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്തതായി ഒരു വാചകം പോലും കാണാൻ സാദ്ധ്യമാകുന്നില്ല.

എന്നാൽ ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും, ഡി വൈ ചന്ദ്രചൂഡും ഒപ്പിട്ട ജഡ്ജ് മെന്റിന്റെ 67, 68 പേജുകളിലായി കിടക്കുന്ന അവസാന പാരഗ്രാഫായ 66 ൽ ഇങ്ങനെ പറയുന്നു.

Para 66: The State of Kerala is directed to give wide publicity to this judgment through the medium of television, newspapers, etc. The government should take steps to secure the confidence of the
community in order to ensure the fulfillment of constitutional values. The State government may have broad-based consultations with representatives of all affected interests so that the modalities devised for implementing the judgment of the Court meet the genuine concerns of all segments of the community. Organised acts of resistance to thwart the implementation of this judgment must be put down firmly. Yet in devising modalities for compliance, a solution which provides lasting peace, while at the same time reaffirming human dignity as a fundamental constitutional value, should be adopted. Consistent with the duties inhering in it, we expect the State government to ensure that the rule of law is preserved. All petitions are disposed of accordingly.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന ഗവൺമെന്റ് ശക്തമായി ഇടപെടണമെന്നും , സ്ത്രീ പ്രവേശനത്തിന് അനുമതി നൽകുന്ന വിധിയ്ക്ക് സംസ്ഥാന സർക്കാർ ടെലിവിഷനിലൂടെയും പത്രമാദ്ധ്യമങ്ങളിലൂടെയും വ്യാപക പ്രചരണം നടത്തണമെന്നും ഇതിൽ ആവശ്യപ്പെടുന്നു .
Organised acts of resistance to thwart the implementation of this judgment must be put down firmly എന്നു പറയുന്നതിലൂടെ വിധിയുടെ നടപ്പാക്കലിനെ എതിർക്കുന്നതിനുള്ള സംഘടിത ശ്രമങ്ങളെ ശക്തമായി അടിച്ചമർത്താനാണ് കോടതി ആവശ്യപ്പെടുന്നത് .

ഇതിലും സ്റ്റേ എന്ന ഒരു വാക്ക് ഉച്ചരിച്ചു കാണാനേയില്ല .

എന്നാൽ ഒരു വർഷം മുമ്പ് റിവ്യൂ പെറ്റീഷനുകളിൽ 13-11-2018 തിയ്യതിയിലെ ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞിരുന്നത് ഇങ്ങനെയാണ്

We make it clear that there is no stay of the judgment and order of this Court dated 28th September, 2018 passed in Writ Petition (Civil) No.373 of 2006 (Indian Young Lawyers Association & Ors. V/s.
The State of Kerala & Ors.)
ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ & Others V/s കേരള സർക്കാർ & Others, റിട്ട്പെറ്റീഷൻ (സിവിൽ ) No.373 of 2006 എന്ന കേസിൽ 2018 സപ്തംബർ 28 നുള്ള ഈ കോടതിയുടെ വിധിയ്ക്കോ , ഉത്തരവിനോ സ്റ്റേ ഇല്ല എന്ന് ഞങ്ങൾ വ്യക്തമാക്കുന്നു.

We make it clear that
there is no stay of the judgment and order of this Court എന്ന് എടുത്തു പറഞ്ഞതിലൂടെ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന 28-9-2018 തിയ്യതിയിലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നു എന്നു തന്നെയാണ് 13 -11-2018 തിയ്യതി ബഹുമാനപ്പെട്ട സുപ്രീംകോടതി വ്യക്തമാക്കിയത്.

എന്നാൽ ഇന്നത്തെ വിധിയിൽ 13-11-2018 തിയ്യതിയിലെ ഉത്തരവിൽ പറഞ്ഞതു പ്രകാരമുള്ളതായ മേൽ പരാമർശം നീക്കം ചെയ്തിട്ടുള്ളതായും പറയുന്നില്ല .

ഇന്ന് Stay ചെയ്തു എന്ന് വ്യക്തമാക്കാത്തതിനാലും ,13-11-2018 തിയ്യതിയിലെ We make it clear that there is no stay of the judgment and order of this Court എന്ന പരാമർശം നീക്കം ചെയ്തതായി പറഞ്ഞിട്ടില്ലാത്തതിനാലും 28-9-2018 തിയ്യതിയിലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നു എന്നു കരുതുന്നതിൽ തെറ്റില്ലെന്നു വേണം പറയാൻ

ശരിയോ തെറ്റോ ആകട്ടെ
സ്വീകാര്യമോ അസ്വീകാര്യമോ ആകട്ടെ ..
രാജ്യത്തെ ഭരണ സ്ഥാപനങ്ങൾക്കും ഭരണകർത്താക്കൾക്കും പൗരൻമാർക്കും വ്യക്തവും സ്പഷ്ടവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കണം നീതിപീഠങ്ങളുടെ വിധികൾ.

അത്തരം വിധികളാണ് ബഹുമാനപ്പെട്ട പരമോന്നത നീതിപീഠത്തിൽ നിന്നും
രാജ്യം പ്രതീക്ഷിക്കുന്നത്.

തർക്കത്തിലുള്ളതും വ്യക്തതയില്ലാത്തതുമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കാനാണല്ലോ നാം ബഹുമാനപ്പെട്ട കോടതികളെ സമീപിക്കുന്നത് .

നിലവിലുള്ള അവസ്ഥയിൽ വിധിയുടെ നടപ്പാക്കലിനെ സംബന്ധിച്ച് സംശയത്തിനിടയില്ലാത്ത വിധം വ്യക്തത വരുത്തേണ്ടത് അനിവാര്യതയാണ് .

ആയതിനായി എന്തു നിയമ നടപടികൾ സ്വീകരിക്കണമെന്നത് സർക്കാർ ആലോചിക്കേണ്ടതും സത്വരമായി ഇടപെടേണ്ടതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here