അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ നേരിട്ട നക്‌സല്‍ വിരുദ്ധ സേന ഉപയോഗിച്ച തോക്കുകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. മലപ്പുറം അരീക്കോട്ടെ ആസ്ഥാനത്തെത്തിയാണ് തണ്ടര്‍ബോള്‍ട്ട് ഉപയോഗിച്ച 24 തോക്കുകള്‍ കസ്റ്റഡിയിലെടുത്തത്.

നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് തണ്ടര്‍ോബള്‍ട്ട് സംഘം ഉപയോഗിച്ച തോക്കുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തോക്കുകളുടെ പ്രാഥമിക പരിശോധന, സേനാംഗങ്ങളുടെ മൊഴിയെടുക്കല്‍ എന്നിവ പൂര്‍ത്തിയാവുന്നതിനനുസരിച്ച് തോക്കുകള്‍ സീല്‍ ചെയ്ത് പാലക്കാട്ടെ കോടതിയില്‍ ഹാജരാക്കും.

ഇവ കോടതി മുഖേന ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയക്കും. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വെടിയേറ്റുമരിച്ച നാലുപേരുടെയും ജൈവ സാംപിളുകള്‍ ഡി എന്‍ എ പരിശോധനയ്ക്കായി കോടതിയ്ക്ക് ഉടന്‍ കൈമാറും. സംഭവസ്ഥലത്തുനിന്നുള്ള സാമ്പിളും ഇതോടൊപ്പം കൈമാറണം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഇന്‍ക്വസ്റ്റ് സമയത്ത് ഉണ്ടായിരുന്നവര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സാക്ഷികള്‍ എന്നിവരുടെതുള്‍പ്പെടെ മരിച്ച നാലുപേര്‍ക്കും പ്രത്യേകം മൊഴികളും രേഖകളും തയ്യാറാക്കണം.

അതേസമയം കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുള്ള സ്ത്രീ കന്യാകുമാരി സ്വദേശി അജിതയാണെന്നതാണ് ഒടുവിലത്തെനിഗമനം. മറ്റുമൂന്നുപേര്‍ കാര്‍ത്തി, മണി വാസകം, ശ്രീനിവാസന്‍ എന്ന കേശവന്‍ എന്നിവരാണെന്ന് സ്ഥിരീകരിച്ചിരുന്നു.