പുതിയ ഐപിഎൽ സീസണിനു മുന്നോടിയായി സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി ടീമുകൾ. താരങ്ങളുടെ കൈമാറ്റ ജാലകത്തിന് തിരശ്ശീല വീണതിനു പിന്നാലെ എല്ലാ ടീമുകളും അടുത്ത സീസണിലേക്ക് നിലനിർത്തിയ താരങ്ങളുടെയും കരാർ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്തുവിട്ടു.

ഐപിഎല്ലിൽ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിദേശ താരങ്ങളിൽ രണ്ടുപേരെ ഒഴികെ എല്ലാവരെയും റിലീസ് ചെയ്ത് സമ്പൂർണ അഴിച്ചുപണിക്ക് കളമൊരുക്കി. എ.ബി. ഡിവില്ലിയേഴ്സ്, മോയിൻ അലി എന്നീ വിദേശ താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ നിലനിർത്തിയത്. ഐപിഎല്ലിലെ എട്ടു ടീമുകളും ചേർന്ന് ആകെ 127 താരങ്ങളെ നിലനിർത്തി. ഇതിൽ 35 പേർ വിദേശ താരങ്ങളാണ്.

ടീമുകൾക്ക് പുതിയ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. 73 ഇന്ത്യൻ താരങ്ങളും 29 വിദേശ താരങ്ങളും ഉൾപ്പെടെ ആകെ 102 താരങ്ങളെക്കൂടി ലേലത്തിൽ എല്ലാ ടീമുകൾക്കുമായി വിളിച്ചെടുക്കാം. ഏറ്റവും കൂടുതൽ താരങ്ങളെ എടുക്കാൻ അവകാശമുള്ളത് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനാണ്. അവർക്ക് ഇനിയും 12 താരങ്ങളെ സ്വന്തമാക്കാം. അതിൽ ആറ് വിദേശ താരങ്ങളെയും എടുക്കാം. ചെന്നൈ സൂപ്പർ കിങ്സിന് ഇനി അഞ്ചു താരങ്ങളെയേ ടീമിലെടുക്കാനാകൂ. അതിൽ രണ്ടു വിദേശ താരങ്ങളെ മാത്രമേ പറ്റൂ.

അഞ്ചു താരങ്ങളെ മാത്രം ഒഴിവാക്കിയ സൺറൈസേഴ്സ് ഹൈദരാബാദും ആറു പേരെ ഒഴിവാക്കിയ ചെന്നൈ സൂപ്പർ കിങ്സുമാണ് പഴയ ടീമിൽ കൂടുതൽ വിശ്വാസമർപ്പിച്ചത്. കഴിഞ്ഞ സീസണിൽ ആരാധകരുടെ കയ്യടികൾക്കിടെ ടീമിലെടുത്ത വെറ്ററൻ താരം യുരാജ് സിങ്ങിനെ മുംബൈയും ദീർഘകാലമായി ടീമിൽ അംഗമായ റോബിൻ ഉത്തപ്പയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഒഴിവാക്കി.

ഡേവിഡ് മില്ലറിനെ പഞ്ചാബും ക്രിസ് മോറിസിനെ ഡൽഹി ക്യാപിറ്റൽസും കൈവിട്ടു. പുതിയ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിലേക്ക് ഏറ്റവും കൂടുതൽ പണം കൈവശമുള്ളത് കിങ്സ് ഇലവൻ പഞ്ചാബിന്റെ കൈവശമാണ്; 42.70 കോടി. ഏറ്റവും കുറവ് കൂടുതൽ താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന്റെ കൈവശമാണ്; 13.5 കോടി.

മലയാളി താരങ്ങളിൽ സന്ദീപ് വാരിയരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബേസിൽ തമ്പിയെ സൺറൈസേഴ്സും കെ.എം. ആസിഫിനെ ചെന്നൈയും സഞ്ജു സാംസണെ രാജസ്ഥാനും ടീമിൽ നിലനിർത്തി. അതേസമയം, രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന എസ്. മിഥുനെ ഒഴിവാക്കി. ഡൽഹി ടീമിൽനിന്ന് ജലജ് സക്സേനയെയും റിലീസ് ചെയ്തു.