ചരിത്ര വിധികൾക്കുശേഷം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പടിയിറങ്ങി; എസ് എ ബോബ്ഡെ തിങ്കളാഴ്ച ചുമതലയേൽക്കും

അയോധ്യാ കേസ് ഉൾപ്പെടെ ചരിത്രവിധികൾക്കുശേഷം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങി. 17നാണ് ഔദ്യോഗിക വിരമിക്കലെങ്കിലും അവസാന പ്രവൃത്തിദിവസം വെള്ളിയാഴ്‌ച പൂർത്തിയാക്കി. നിയുക്ത ചീഫ്ജസ്റ്റിസ്‌ ജസ്റ്റിസ് എസ് എ ബോബ്ഡെ തിങ്കളാഴ്ച ചുമതലയേൽക്കും. 2021 ഏപ്രിൽ 23വരെ ബോബ്‌ഡേയ്‌ക്ക്‌ കാലാവധിയുണ്ട്.

2018 ഒക്ടോബർ മൂന്നിനാണ് 46-ാമത് ഗൊഗോയ്‌ ചീഫ്ജസ്റ്റിസായി ചുമതലയേറ്റത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ചീഫ് ജസ്റ്റിസായ ആദ്യ വ്യക്തിയാണ്‌. 1954 നവംബർ 18ന് അസമിൽ ജനിച്ച അദ്ദേഹം അസം മുൻമുഖ്യമന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ മകനാണ്. 1978ൽ അഭിഭാഷകനായാണ്‌ തുടക്കം. 2001ൽ ഗോഹട്ടി ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി. 2012ൽ സുപ്രീംകോടതി ജഡ്ജിയായി. സുപ്രീംകോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു.

അസം പൗരത്വപട്ടിക വിഷയം കൈകാര്യംചെയ്ത ബെഞ്ചിന് നേതൃത്വം നൽകി. നൂറ്റാണ്ടിലേറെ നീണ്ട അയോധ്യാഭൂമിതർക്ക കേസിലും ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലും അവസാന ദിവസങ്ങളിൽ വിധിപറഞ്ഞു. സുപ്രീംകോടതി ചീഫ്ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന വിധിയും റഫേൽ യുദ്ധവിമാന ഇടപാടിൽ അന്വേഷണം തള്ളുന്ന വിധിയും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുറപ്പെടുവിച്ചു.

സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ്‌ ജസ്‌റ്റിസിനെതിരെ പരസ്യപ്രതികരണം നടത്തിയ നാലു ജഡ്ജിമാരിലൊരാളാണ് ഗൊഗോയ്‌. സുതാര്യത ആവശ്യപ്പെട്ടാണ്‌ തന്റെ മുൻഗാമിയായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗൊഗോയ്‌ അടക്കമുള്ളവർ വാർത്താസമ്മേളനം നടത്തിയത്‌.

മുൻ സുപ്രീംകോടതി ജീവനക്കാരി ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് വിവാദമായി. ഗോഗോയ്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാർക്ക്‌ മുൻ ജീവനക്കാരി കത്തയച്ചു. അസാധാരണ സിറ്റിങ്‌ നടത്തി അദ്ദേഹം ആരോപണം നിഷേധിച്ചു. മെയ് അഞ്ചിന്‌ ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളുമായ കമ്മിറ്റി ഗോഗോയിക്ക് ക്ലിൻ ചിറ്റ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here