‘ധമാക്ക’ സിനിമയിൽ ഒരു മെലഡി സോംഗ്‌ എന്റെ ശബ്ദത്തിൽ പുറത്തിറങ്ങും’- ബ്ലെസ്‌ലി

സിനിമാ ഇൻഡസ്ട്രിയുടെ കാര്യമെടുത്താൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവസരങ്ങളിലേക്കുള്ള അവന്റെ അകലം വളരെ വലുതാണ്‌. കഴിവുള്ള നിരവധിയാളുകൾ സിനിമയിലേയ്ക്ക്‌ പ്രവേശിക്കുവാനാകാതെ, അവരുടെ സ്വപ്നങ്ങളും പരിശ്രമങ്ങളും വിഫലമായി തീരുന്നു.

എന്നാൽ തന്റെ ചിത്രങ്ങളിൽ വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടുവരണമെന്ന ആഗ്രഹമുള്ള സംവിധായകൻ ഒമർലുലു ഇത്തവണ ബ്ലെസ്‌ലി എന്ന യുവാവിനെ കൈപിടിച്ച്‌ കൊണ്ടുവരികയാണ്‌. ‘ധമാക്ക’ എന്ന തന്റെ പുതിയ ചിത്രത്തിലേയ്ക്ക്‌ ഒരു ഗാനമൊരുക്കുവാൻ ബ്ലെസ്‌ലിയ്ക്ക്‌ ഒമർ ലുലു അവസരം നൽകിയിരിക്കുകയാണ്‌.

ബ്ലെസ്‌ലി കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ബ്ലെസ്‌ലിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം.

“കൈനിറയെ പാരമ്പര്യവും തലതൊട്ടപ്പന്മാരും ഇല്ലാത്ത ഒരാൾക്ക് സിനിമ എന്നത് പലപ്പോഴും ഒരു സ്വപ്നം മാത്രമാണ്. ചാൻസ് ചോദിച്ചും, ഓഡീഷനുപോയും ഒരു പുതപ്പ് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച്‌, വിശന്ന് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ദിവസങ്ങൾ എനിക്ക് വിരലിലെണ്ണാവുന്നതിലും അധികമാണ്.

മുൻപുള്ള അനുഭവങ്ങളിൽ പതറി ഒരു പ്രതീക്ഷപോലും ഇല്ലാതെയാണ് ഈ മനുഷ്യനോടും അവസരം തേടിയത്. എല്ലാവരും പറയുംപോലെ ശരിയാക്കാമെന്ന് അദ്ദേഹവും പറഞ്ഞു. പക്ഷെ ഇന്ന്, തന്റെ സിനിമയിലെ ഒരു പാട്ട് ചെയ്യാൻ അദ്ദേഹം എനിക്കവസരം തന്നു.

അതെ, ‘ധമാക്ക’ സിനിമയിൽ ഒരു മെലഡി സോംഗ്‌ എന്റെ ശബ്ദത്തിൽ പുറത്തിറങ്ങും. പാടിക്കഴിഞ്ഞപ്പോൾ സന്തോഷത്തിൽ എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. പക്ഷെ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നെഞ്ചിൽ അണയാത്ത തീയും അടങ്ങാത്ത ആഗ്രഹവും ഉണ്ടെങ്കിൽ ധൈര്യമായി ഒമർ ഇക്കയെ നിങ്ങൾക്ക് സമീപിക്കാം. പാട്ടിനെക്കുറിച്ചുള്ള ഡീറ്റെയിൽസ്‌ ഉടനേ പറയാം. ഇത്‌ എന്നെ സപ്പോർട്ട്‌ ചെയ്‌തവരുടെ കൂടിയാണ്‌. “tribute to കലാഭവൻ മണി” എന്ന പാട്ടു തൊട്ട് എന്നെ സഹായിച്ചവരോടും സ്നേഹിച്ചവരോടും ഒരുപാട് നന്ദി. ഒരുപാടൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും, നിങ്ങളെല്ലാം കൂടെ ഉണ്ടെങ്കിൽ നമുക്ക് ഈ പാട്ട് നല്ല ഒരു വൻ വിജയമാക്കിത്തീർക്കാം.”

പുതുമുഖങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ട്‌ സിനിമകൾ ചെയ്യുന്ന ഒമർ ലുലു ‘ഒരു അഡാർ ലൗ’ലൂടെ ഒട്ടേറെ യുവാക്കൾക്ക്‌ അവസരങ്ങൾ നൽകിയിരുന്നു. ധമാക്കയിലും അത്‌ തുടരുമ്പോൾ, പ്രതീക്ഷകളും വർദ്ധിക്കുകയാണ്‌. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍.

ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 20നു ചിത്രം തിയെറ്ററുകളിലെത്തും.

Attachments area

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here