സാമ്പത്തിക പ്രതിസന്ധി; ഉപഭോഗ ആവശ്യങ്ങൾക്കായി ചെലവാക്കുന്ന തുക 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

രാജ്യത്ത്‌ ഉപഭോഗ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി സർക്കാർ ഏജൻസിയുടെ സർവേ റിപ്പോർട്ട്‌. ഗ്രാമീണമേഖലയിൽ ഉപഭോഗാവശ്യങ്ങൾക്കായുള്ള ചെലവിടാൻ കുത്തനെ ഇടിഞ്ഞുവെന്ന്‌ ദേശീയ സ്ഥിതിവിവരക്കണക്ക്‌ കാര്യാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മോഡി സർക്കാർ പ്രസിദ്ധീകരിക്കാതെ പിടിച്ചുവച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ ഒരു ബിസിനസ്‌ ദിനപത്രം വെള്ളിയാഴ്‌ച പുറത്തുവിട്ടു.

ഗ്രാമീണ മേഖലയിൽ 2011–12 കാലയളവിൽ ഒരാൾ പ്രതിമാസം ശരാശരി 1501 രൂപ ചെലവഴിച്ചിരുന്നത്‌ 2017–18 കാലയളവിൽ 1446 രൂപയായി കുറഞ്ഞു. പണം ചെലവഴിക്കലിൽ വന്ന ഇടിവ്‌ 3.7 ശതമാനമാണ്‌. 1972–73 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. ഈ കാലഘട്ടത്തിലാണ്‌ പണം ചെലവഴിക്കുന്നതിൽ കാര്യമായ ഇടിവുണ്ടായത്‌.

തുടർന്നുള്ള വർഷങ്ങളിൽ പണം ചെലവഴിക്കലിൽ തടർച്ചയായ വർധനയുണ്ടായി. 2017–-18ൽ ഭക്ഷണത്തിനു ചെലവഴിക്കുന്ന പണത്തിന്റെ തോതും ഇടിഞ്ഞു. ഗ്രാമീണ മേഖലയിൽ 2011–-12 കാലയളവിൽ 643 രൂപ വരെ മാസം ഭക്ഷണത്തിന്‌ ചെലവഴിച്ചിരുന്നത്‌ 2017-18 കാലയളവിൽ 580 രൂപയായി.

ഗ്രാമീണ മേഖലയിലെ പണം ചെലവഴിക്കൽ 2011–12 നെ അപേക്ഷിച്ച്‌ 2017–18 ൽ 8.8 ശതമാനം ഇടിഞ്ഞു. നഗരമേഖലയിൽ ചെലവഴിക്കൽ രണ്ട്‌ ശതമാനം വർധിച്ചു. നോട്ട്‌ അസാധുവാക്കലും ജിഎസ്‌ടിയും ഗ്രാമീണ മേഖലയിൽ ഏൽപ്പിച്ച ആഘാതവും കാർഷിക മേഖല പ്രതിസന്ധിയുമാണ്‌ ചെലവഴിക്കലിൽ ഇടിവിനുകാരണം. 2017 ജൂലൈ മുതൽ 2018 ജൂൺ വരെയുള്ള കാലയളവിലാണ്‌ എൻഎസ് സർവ്വേ നടത്തിയത്‌. റിപ്പോർട്ട്‌ പ്രതികൂലമായതിനാൽ പുറത്തുവിടാതിരിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here