
കേരള പുനർനിർമാണ പദ്ധതിയിൽ, പ്രകൃതിക്ഷോഭം അതിജീവിക്കാൻ കഴിയുന്ന 25 റോഡ് നിർമിക്കും. ലോക ബാങ്കിന്റെയും ജർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്താലാണ് മലവെള്ളപ്പാച്ചിലുകളെപ്പോലും അതിജീവിക്കാൻ കഴിയുന്ന റോഡുകൾ നിർമിക്കുന്നത്. 12 ജില്ലയിലെ 42 നിയോജകമണ്ഡലത്തിലാണ് ഈ 25 റോഡ്.
നാല് പാക്കേജായി തിരിച്ച് 2020 ജനുവരിയിൽ നിർമാണം ആരംഭിക്കുമെന്ന് നിർമാണച്ചുമതല വഹിക്കുന്ന കെഎസ്‌ടിപി അധികൃതർ വ്യക്തമാക്കി. വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ അനുമതി ലഭിച്ചു. ഇതിനായി വിവിധ ഏജൻസികളെ ഉടൻ ചുമതലപ്പെടുത്തും.
പാക്കേജ് ഒന്നിൽ 147. 68 കിലോമീറ്ററും പാക്കേജ് രണ്ടിൽ 147. 30 കിലോമീറ്ററും നിർമിക്കാനുള്ള സാമ്പത്തിക സഹായം ലോകബാങ്ക് നൽകും. ഇതിനായി 1794 കോടിയോളം രൂപയാണ് ലഭിക്കുക. മൂന്നും നാലും പാക്കേജിന് 1400 കോടിരൂപ ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകും. മൂന്നാം പാക്കേജിൽ 223. 51 കിലോമീറ്ററും നാലാം പാക്കേജിൽ 147. 02 കിലോമീറ്റർ റോഡുകളുമാണ് നിർമിക്കുന്നത്.
മൂന്നും നാലും പാക്കേജുകൾക്കുള്ള സഹായത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്കുമായി കരാറായി. ബില്ലുകൾ നൽകുന്ന മുറയ്‌ക്കേ ജർമൻ ബാങ്ക് തുക അനുവദിക്കൂ. അവരുടെ ഉദ്യോഗസ്ഥർ നിർമാണ പുരോഗതി പരിശോധിക്കുകയും ചെയ്യും. 2021 ജനുവരിയോടെ നിർമാണം പൂർത്തിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here