കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച എൻഎൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കും

കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌(എൻഎൻഎൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതുസംബന്ധിച്ച്‌ ഒഫീഷ്യൽ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ്‌ ധാരണയിലെത്തി. ആസ്‌തി ബാധ്യത ഏറ്റെടുക്കുന്നതിനായി 25 കോടി രൂപ നൽകും. കമ്പനിയുടെ 100 ശതമാനം ഓഹരിയും സർക്കാരിന്‌ കൈമാറും.

വ്യവസായ വകുപ്പിന്‌ കീഴിലുള്ള റിയാബ്‌ (പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയർമാൻ എൻ ശശിധരൻ നായരും എച്ച്പിസി ലിക്വിഡേറ്റർ കുൽദീപ് വർമയുമായി കൊൽക്കത്തയിൽ വെള്ളിയാഴ്‌ച നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായി. ഡൽഹി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 18 ന്‌ നടക്കുന്ന സിറ്റിങ്ങിൽ അന്തിമ തീർപ്പാകും.

എച്ച്‌എൻഎല്ലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനെതിരെ വിവിധ ബാങ്കുകളടക്കം നൽകിയ കേസാണ്‌ എൻസിഎൽടിയിൽ പരിഗണിക്കുക. കമ്പനി ലിക്വിഡേറ്റ്‌ ചെയ്‌ത്‌ കിട്ടുന്ന തുകകൊണ്ട്‌ വിവിധ ബാങ്കുകളുടെ അടക്കം കടം തീർക്കുമെന്നായിരുന്നു എച്ച്‌പിസിഎൽ നിലപാട്‌.

എന്നാൽ കേസ്‌ ഫയൽ ചെയ്‌ത എസ്‌ബിടി, കാനറാ ബാങ്ക്‌, വിജയ ബാങ്ക്‌ പ്രതിനിധികളടക്കം റിയാബുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇവരും സംസ്ഥാന സർക്കാരിന്റെ നിർദേശം അംഗീകരിച്ചു. ഇതോടെ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്ന കടമ്പകൂടി കടന്നാൽ കമ്പനി സംസ്ഥാന സർക്കാരിന്റേതായി മാറും. ഇതോടെ 19ന്‌ കൊച്ചി എൻസിഎൽടിയിൽ നിലവിലുള്ള കേസും തീർപ്പാകും.

സംസ്ഥാന സർക്കാർ നൽകാമെന്നേറ്റ തുക തൃപ്‌തികരമാണെന്ന്‌ തിങ്കളാഴ്‌ച ട്രിബ്യൂണലിൽ ലിക്വിഡേറ്റർ അറിയിക്കും. തുക കിട്ടാനുള്ള ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളും ഇതിന്‌ അനുകൂല നിലപാട്‌ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്‌. കമ്പനി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ മറ്റ്‌ ബാധ്യതകളുടെ കാര്യത്തിൽ സർക്കാർ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചചെയ്‌ത്‌ തീരുമാനത്തിലെത്തും. നിലവിൽ 430 കോടിയോളം രൂപയാണ്‌ മറ്റ്‌ ബാധ്യതകളായുള്ളത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here