ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഇരുപത്താറിന്‌ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ എട്ടുവരെയുള്ള 24-ാമത് ഗൾഫ് കപ്പിൽ ഈ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ജാസിം അൽ ഷുകലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

8 രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇറാഖ്, കുവൈത്ത്, ഒമാൻ, യമൻ ടീമുകളും പങ്കെടുക്കും. 24നു തുടങ്ങേണ്ടിയിരുന്ന ടൂർണമെന്റ് സൗദിയുടെ സൗകര്യം പരിഗണിച്ചാണ് നീട്ടിയത്. 2017ലെ ഗൾഫ് കപ്പ് ടൂർണമെന്റ് ഖത്തറിലായിരുന്നു നടക്കേണ്ടിയിരുന്നത്. സൗദിയും യുഎഇയും ബഹ്റൈനും ബഹിഷ്‌കരിച്ചതോടെ കുവൈത്തിലേക്ക് മാറ്റി. മത്സരത്തിൽ പങ്കെടുക്കുമെന്ന് യുഎഇ ഫുട്‌ബോൾ ഫെഡറേഷൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

അയൽരാജ്യങ്ങളിൽനിന്ന് കളിക്കാർക്കു പുറമെ വൻതോതിൽ ആരാധകരും ഖത്തറിലേക്ക് വരും. ഗൾഫ് കപ്പ് ഖത്തറും അയൽരാജ്യങ്ങളുമായുള്ള തർക്കത്തിന്റെ മഞ്ഞുരുക്കുമെന്നാണ്‌ നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. യുഎഇയിൽ ഡിസംബറിൽ നടക്കുന്ന ഗൾഫ്‌ ഉച്ചകോടിയിലും ഇത് പ്രതിഫലിച്ചേക്കും. 2017 ജൂൺ അഞ്ചിനാണ് സൗദി, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ഗതാഗതബന്ധം വിച്ഛേദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News