ഫാത്തിമയുടെ മരണം; അധ്യാപകന്‍ ക്യാമ്പസിന് പുറത്തുപോകരുതെന്ന് പൊലീസ്; തെളിവുകള്‍ പിതാവ് അന്വേഷണസംഘത്തിന് കൈമാറി

ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന കര്‍ശനനിര്‍ദേശവുമായി അന്വേഷണസംഘം.

അധ്യാപകന്‍ ക്യാമ്പസിന് പുറത്തുപോകുന്നത് തടയാന്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് തന്റെ കൈയിലുള്ള തെളിവുകളെല്ലാം ഫാത്തിമയുടെ പിതാവ് ലത്തീഫ് അന്വേഷണസംഘത്തിന് കൈമാറി.

സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. മാനസികമായി പീഡിപ്പിച്ച അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെയുള്ള ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. ആത്മഹത്യ നടന്ന ഹോസ്റ്റല്‍ മുറി സീല്‍ചെയ്തില്ല. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിപിയിലും തമിഴ്നാട് സര്‍ക്കാരിലും പൂര്‍ണ വിശ്വാസമുണ്ട്. സിബിസിഐഡി അന്വേഷണം തുടങ്ങിയത് വ്യാഴാഴ്ച മാത്രമാണ്. അതിനാല്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറയാറായിട്ടില്ല. ഫാത്തിമ തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച കയര്‍ പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്ത ദിവസം രാത്രി 9.30ന് ഫാത്തിമ ക്യാന്റീനില്‍ ഇരുന്ന് കരഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പൊലീസ് എടുത്തിട്ടില്ല. ഈ സമയം കുട്ടിയെ ആശ്വസിപ്പിച്ച ക്യാന്റീന്‍ ജീവനക്കാരനെ കണ്ടെത്തണം.

എല്ലാ പരീക്ഷാപേപ്പറുകളും കൃത്യസമയത്ത് നേരിട്ടുപോയി വാങ്ങുന്ന ഫാത്തിമ അന്ന് പേപ്പര്‍ വാങ്ങാന്‍ പോയില്ല. പകരം സുഹൃത്താണ് വാങ്ങിയത്. 18 മാര്‍ക്കിനുള്ള ഉത്തരം കൃത്യമായി എഴുതിയിട്ടും 13 മാര്‍ക്കു മാത്രമാണ് സുദര്‍ശന്‍ നല്‍കിയത്. ബാക്കി അഞ്ചുമാര്‍ക്ക് നേരിട്ടുകണ്ടാല്‍ നല്‍കാമെന്ന തരത്തില്‍ ഇയാള്‍ കുട്ടിക്ക് ഇ മെയില്‍ അയച്ചു.

പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന ഫോണ്‍ ഞങ്ങളുടെ സാന്നിധ്യത്തില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ ഫാത്തിമ പരാതി പറഞ്ഞിരുന്നെങ്കിലും അധികൃതര്‍ അവഗണിച്ചു. എല്ലാവിധ മാനസിക പീഡനത്തിനും മകള്‍ ഇരയായിട്ടുണ്ട്.

മതപരമായ പീഡനവും നേരിട്ടു. ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഒമ്പതിന്റെ തലേന്ന് കോളേജ് കാന്റീനില്‍നിന്ന് മകള്‍ സംസാരിച്ചിരുന്നു. കരഞ്ഞുകൊണ്ടാണ് സംസാരിച്ചത് കൊലപാതകമാണോ ആത്മഹത്യയാണോയെന്നു കണ്ടെത്തണം. മകളുടെ മരണശേഷം ഐഐടിയിലെ ഒരാള്‍ പോലും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കുറിപ്പ് ഐഐടി അധികൃതര്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും പിതാവ് ലത്തീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News