ഒന്നാം നമ്പര്‍ വിജയം: ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

ഇൻഡോർ: ഇടയ്ക്കിടെ ക്യാച്ചുകൾ കൈവിട്ട് സഹായിച്ചതൊഴിച്ചാൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നു ദിവസവും ബംഗ്ലദേശിനു മുന്നിൽ സാധ്യതകളുടെ ‘ഡോർ’ അടച്ചിട്ട ഇന്ത്യയ്ക്ക് ഇൻഡോറിൽ മറ്റൊരു ഐതിഹാസിക വിജയം. അയൽക്കാരായ ബംഗ്ലദേശിനെ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ തകർത്തത്.

തലേന്നത്തെ സ്കോറായ ആറിന് 493 റൺസെന്ന നിലയിൽ മൂന്നാം ദിനം തുടക്കത്തിൽത്തന്നെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, ബംഗ്ലദേശിന് സമ്മാനിച്ചത് 343 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടം! രണ്ടാം ഇന്നിങ്സിൽ ഒരിക്കൽക്കൂടി തകർന്നടിഞ്ഞ ബംഗ്ലദേശ് 69.2 ഓവറിൽ 213 റണ്‍സിന് എല്ലാവരും പുറത്തായി.

രണ്ടു ദിവസത്തിലധികം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളിങ് യൂണിറ്റ് തങ്ങളാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബംഗ്ലദേശിനെ തരിപ്പണമാക്കിയ മുഹമ്മദ് ഷമി – ഇഷാന്ത് ശർമ – ഉമേഷ് യാദവ് ത്രയമാണ് ഇന്ത്യയുടെ വിജയശിൽപികൾ. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഉറച്ച പിന്തുണ നൽകി.

വ്യക്തിഗത സ്കോർ നാലിൽ നിൽക്കെ മുഹമ്മദ് ഷമിയുടെ പന്തിൽ രോഹിത് ശർമ സമ്മാനിച്ച ‘ലൈഫ്’ മുതലെടുത്ത് ടെസ്റ്റിലെ 20–ാം അർധസെഞ്ചുറി കണ്ടെത്തിയ മുഷ്ഫിഖുർ റഹിമിന്റെ പോരാട്ടമാണ് ഇന്ത്യൻ വിജയം ഇത്രയെങ്കിലും വൈകിച്ചത്.

റഹിം 150 പന്തിൽ ഏഴു ഫോർ സഹിതം 64 റൺസെടുത്ത് ഒൻപതാമനായി പുറത്തായി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള തുടർച്ചയായ ആറാം ടെസ്റ്റും ജയിച്ച ഇന്ത്യ 300 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.

രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് ആകെയുള്ളത് 60 പോയിന്റ് മാത്രം! പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 22 മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

ഷദ്മാൻ ഇസ്‍ലാം (24 പന്തിൽ ആറ്), ഇമ്രുൽ കയേസ് (13 പന്തിൽ ആറ്), ക്യാപ്റ്റൻ മോമിനുൽ ഹഖ് (20 പന്തിൽ ഏഴ്), മുഹമ്മദ് മിഥുൻ (26 പന്തിൽ 18), മഹ്മൂദുല്ല (35 പന്തിൽ 15), ലിട്ടൻ ദാസ് (39 പന്തിൽ 35), മെഹ്ദി ഹസൻ (55 പന്തിൽ 38), തയ്ജുൽ ഇസ്‌ലാം (43 പന്തിൽ ആറ്), എബാദത്ത് ഹുസൈൻ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലദേശ് താരങ്ങളുടെ പ്രകടനം. അബു ജായേദ് നാലു റൺസുമായി പുറത്താകാതെ നിന്നു.

72 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ ബംഗ്ലദേശിന് ആറാം വിക്കറ്റിൽ റഹിം–ലിട്ടൻ ദാസ് സഖ്യവും (63), ഏഴാം വിക്കറ്റിൽ റഹിം–മെഹ്ദി ഹസ്സൻ സഖ്യവും (59) കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് തുണയായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News