അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ പ്രൗഢ ഗംഭീരമായ തുടക്കം. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെയാണ് മേളയ്ക്ക് ഔപചരികമായ തുടക്കകുമായത്. വടക്കേ മലബാറിന്റെ തനത് കലാ കായിക ആയോധന പ്രകടനങ്ങൾ ഉദ്ഘാടന ചടങ്ങിന് മാറ്റ്കൂട്ടി.

പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ എത്തിയ സംസ്ഥാന സ്കൂൾ കായിക മേളയുടെ തുടക്കം പ്രൗഢോജ്വലമായി.

ജില്ലാ അടിസ്ഥാനത്തിൽ അണിനിരന്ന താരങ്ങളുടെ മർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്. ഒളിമ്പ്യൻ ടിന്റു ലൂക്ക കായിക താരങ്ങൾക്ക് ഒപ്പം സ്റ്റേഡിയം വലം വച്ച് ദീപശിഖ കൊളുത്തി.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിന്റെ അധ്യക്ഷതയിൽ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,കല്യാശ്ശേരി എം എൽ എ യും സംഘാടക സമിതി ചെയർമാനുമായ ടി വി രാജേഷ്, സി കൃഷ്ണൻ എം എൽ എ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഉത്തര ഒളിമ്പ്യൻമാരായ പി ടി ഉഷ,മേഴ്സിക്കുട്ടൻ, ടിന്റു ലൂക്ക തുടങ്ങിയ മുൻകാല താരങ്ങളെ ആദരിച്ചു.ഉത്തര മലബാറിന്റെ തനത് കലാ കായിക ആയോധന മുറകൾ ഉൾപ്പെടുത്തിയ പരിപാടികളായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം