നികുതിവിഹിതം പിടിച്ചു വച്ച് കേന്ദ്രസർക്കാർ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ

അർഹതപ്പെട്ട നികുതിവിഹിതം കേന്ദ്രസർക്കാർ പിടിച്ചു വച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കത്തിൽ. ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായും കേന്ദ്രനികുതിയുടെ സംസ്ഥാന വിഹിതവുമായി ലഭിക്കേണ്ട 2900 കോടി രൂപയാണ്‌ കേന്ദ്രം തടഞ്ഞുവെച്ചത്‌.

ഇതോടെ അടിയന്തരമല്ലാത്ത ചെലവുകൾ താൽക്കാലികമായി നീട്ടിവയ്ക്കേണ്ട സ്ഥിതിയാണ്‌. കടമെടുപ്പ്‌ പരിധി വെട്ടിച്ചുരുക്കിയതും സാമ്പത്തികമാന്ദ്യത്തെ തുടർന്ന്‌ തനതുനികുതി വളർച്ചയിലുണ്ടായ കുറവുമൊക്കെ സംസ്ഥാനത്തെ ഞെരുക്കുന്ന സ്ഥിതിയിലാണ്‌ അർഹതപ്പെട്ട നികുതിവിഹിതംകൂടി വൈകിപ്പിക്കുന്നത്‌.

ജിഎസ്‌ടി നിയമപ്രകാരമുള്ള ദ്വൈമാസ നഷ്ടപരിഹാരത്തുകയുടെ ഒക്ടോബറിലെ തവണ കേന്ദ്രം നൽകിയിട്ടില്ല. കൂടാതെ കേന്ദ്ര നികുതിയിൽനിന്നുള്ള സംസ്ഥാനവിഹിതത്തിന്റെ മാസതവണയായ 1300 കോടി രൂപയും കിട്ടിയിട്ടില്ല.

മാന്ദ്യത്തിന്റെ പേരിൽ 1,75,000 കോടി രൂപ കോർപറേറ്റ്‌ നികുതിയിൽ ഇളവ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സംസ്ഥാനങ്ങളുടെ വിഹിതം അനിശ്ചിതത്വത്തിലാണ്‌. ഈ സാമ്പത്തികവർഷത്തെ കേരളത്തിന്റെ അനുവദനീയവായ്‌പയിൽ 6645 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സാമ്പത്തികമാന്ദ്യവും ആവർത്തിച്ചുള്ള പ്രളയവുമൊക്കെ കണക്കിലെടുത്ത്‌ വായ്‌പാപരിധി ഉയർത്തണമെന്നാവശ്യപ്പെട്ടപ്പോഴാണ്‌ നിലവിലുള്ള അനുവദനീയ വായ്‌പയും ചുരുക്കിയത്‌.

സംസ്ഥാന നികുതി ബജറ്റ്‌ അനുമാനത്തെ അപേക്ഷിച്ച്‌ 5623 കോടി രൂപ കുറയുമെന്ന്‌ സംസ്ഥാന ധനവകുപ്പ്‌ വിലയിരുത്തുന്നു. മോട്ടോർ വാഹന നികുതി നിരക്കിന്റെ വളർച്ച വെറും ആറുശതമാനമായി. മദ്യത്തിനും 10 ശതമാനത്തിൽതാഴെയാണ്‌ നികുതിവളർച്ച. ആദ്യത്തെ ആറു മാസത്തിൽ ജിഎസ്‌ടിയിൽ ഏഴുശതമാനമാണ്‌ വളർച്ച.

മൂല്യവർധിത നികുതിയിൽ എട്ടുശതമാനവും. സ്‌റ്റാമ്പ്‌ ആൻഡ്‌ രജിസ്‌ട്രഷനിൽ മൂന്നു ശതമാനം കുറവാണിത്‌. നികുതിയിതര വരുമാനത്തിൽ 1825 കോടി രൂപയുടെ കുറവുണ്ടാകും. ബജറ്റിൽ പ്രതീക്ഷിച്ച വാർഷികവരുമാനത്തിൽ 19,463 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News