വിആര്‍എസ്; വിരമിക്കാനൊരുങ്ങുന്നവരെ കാത്ത് കേന്ദ്രസർക്കാരിന്റെ ചതിക്കുഴി

ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ സ്വയംവിരമിക്കൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ  30 ശതമാനം വരെ ആദായനികുതി ഈടാക്കും. അഞ്ചുലക്ഷം രൂപവരെ ആദായനികുതിയില്ല. പത്തുലക്ഷം വരെ 20 ശതമാനവും അതിനുമുകളിൽ 30 ശതമാനവും നൽകണം. ബാക്കിയേ ലഭിക്കു.

അമ്പതുവയസ്‌ പൂർത്തിയായ ജീവനക്കാരൻ വിആർഎസ്‌ എടുത്താൽ 20 മുതൽ 25 ലക്ഷം രൂപവരെ ലഭിക്കും. ഇത്‌ രണ്ടു​ഗഡുവായാണ്‌ നൽകുക. എന്നാൽ ഇത്രയും തുകയുടെ 30 ശതമാനം  വരുമാനനികുതി  ആദ്യംതന്നെ പിടിക്കും. ബാക്കി തുക രണ്ടുഘട്ടമായി നൽകും. ആദ്യഘട്ടത്തിൽ ലഭിക്കുക ഏഴുമുതൽ ഒമ്പതുലക്ഷം രൂപവരെ മാത്രം. നിലവിൽ വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്ക്‌ വരുമാന നികുതി ബാധകമല്ല. എന്നാൽ ബിഎസ്‌എൻഎൽ പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതിയിൽ ഗ്രാറ്റുവിറ്റിയും  പരിധിയിൽ വരും.

55 വയസ്‌ പൂർത്തിയായ ജീവനക്കാരൻ സ്വയം വിരമിക്കലിന്‌ അപേക്ഷിക്കുമ്പോൾ സർവീസ്‌ പൂർത്തിയാക്കിയ ഓരോവർഷത്തിനും  35 ദിവസത്തേയും പൂർത്തിയാക്കാനുള്ള  ഓരോ വർഷത്തിന്‌ 25 ദിവസത്തേയും വേതനം കണക്കാക്കിയാണ്  തുക. പുറമെ പെൻഷനും ഉൾപ്പെടുത്തും. അതിൽ പെൻഷൻ തുക കിഴിച്ച്‌ ബാക്കിയുള്ളതാണ്‌ നൽകുക. എന്നാൽ പുതിയ പദ്ധതിയിൽ   ഇതിന്‌  പരിധി നിശ്‌ചയിച്ചു.

55 വയസിന്‌ താഴെയുള്ളവർക്ക്‌ പാക്കേജ്‌ പ്രകാരം  ലഭിക്കുന്ന തുക  സർവീസ്‌ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ശമ്പളം, പെൻഷൻ എന്നിവയുടെ 125 ശതമാനം അധികരിക്കരുത്. 55 കഴിഞ്ഞവർക്ക്‌ ഇത്‌ 100 ശതമാനത്തിൽ കൂടരുതെന്നാണ്‌ നിർദേശം. കേന്ദ്രധനമന്ത്രാലയം  പ്രഖ്യാപിച്ച 19,000 കോടിയിൽ  ഒതുക്കാനാണ്‌  പുതിയ നിർദേശങ്ങളെന്നും ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ നേതാക്കൾ ആരോപിച്ചു.

ജീവനക്കാരെ കബളിപ്പിക്കുന്ന പദ്ധതിയിൽനിന്ന്‌ പിൻവലിയാൻ ജീവനക്കാർക്ക് വീണ്ടും അവസരം നൽകണമെന്ന്‌ യൂണിയൻ അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി പി ആർ പരമേശ്വരൻ  ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News