ജമ്മു- കശ്‌മീർ നിയന്ത്രണം; ആപ്പിൾ കർഷകർക്ക് 7000 കോടി നഷ്ടം; കർഷകരെ കാണാൻ തരിഗാമിയെ അനുവദിച്ചില്ല

ജമ്മു കശ്‌മീരിനെ വിഭജിച്ച്‌ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം ആപ്പിൾ കർഷകർക്കുണ്ടാക്കിയത്‌ 7000 കോടി രൂപയുടെ നഷ്ടം. വിളവെടുപ്പ്‌ കാലത്ത്‌ നിലനിന്ന വാര്‍ത്താവിനിമയ, ​ഗതാ​ഗത വിലക്കാണ് നഷ്ടംവരുത്തിവച്ചത്. കുങ്കുമപ്പൂ, മുന്തിരി, ചെറി, ആട് വിൽപ്പനയും പ്രതിസന്ധിയില്‍.

സീസണിൽ 11 കോടി പെട്ടി ആപ്പിളാണ്‌ കശ്‌മീരിൽനിന്ന്‌ വിപണിയിലെത്തുന്നത്‌. കേന്ദ്രസർക്കാരിനുകീഴിലുള്ള നാഫെഡ്‌ സംഭരിച്ചത്‌ 1.36 ലക്ഷം പെട്ടി ആപ്പിൾ മാത്രം. നവംബർ ഏഴിനുണ്ടായ മഞ്ഞുവീഴ്‌ചയിൽ 35 വർഷത്തോളം മൂപ്പെത്തിയ ആപ്പിൾമരങ്ങള്‍ നശിക്കാനിടയായി.

കർഷകർ പ്രതിസന്ധിയിലാണെന്ന്‌ മൂന്ന് ദിവസം താഴ്‌വര സന്ദര്‍ശിച്ച അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ ഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‌സിസി) നേതാക്കൾ ഡല്‍ഹിയില്‍ അറിയിച്ചു. ദേശീയദുരന്തമായി പ്രഖ്യാപിച്ച്‌ നഷ്ടപരിഹാരം നൽകണമെന്ന്‌ കൺവീനർ വി എം സിങും അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദും ആവശ്യപ്പെട്ടു. യോഗേന്ദ്രയാദവ്‌, രാജുഷെട്ടി, പ്രേംസിങ്‌, സത്യവാൻ, സ്വാസ്‌തിക്‌ എന്നിവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

തരിഗാമിയെ സന്ദർശിക്കാൻ അനുവദിച്ചില്ല

കശ്‌മീരിൽ ആപ്പിൾ കർഷകരുടെ പ്രതിസന്ധി നേരിട്ടറിയാനെത്തിയ കർഷക സംഘടനാ നേതാക്കൾക്ക്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ സന്ദർശിക്കാൻ പൊലീസ്‌ അനുമതി നൽകിയില്ല.

അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ– ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എംപിയും എംഎൽഎയും പ്രമുഖ നേതാക്കളുമുൾപ്പെട്ട സംഘത്തിനാണ്‌ അനുമതി നിഷേധിച്ചത്‌. അനുമതി നൽകരുതെന്ന്‌ കേന്ദ്രസർക്കാരിന്റെ കർശന നിർദേശമുണ്ടെന്ന്‌ ശ്രീനഗർ ഡിസിപി എസ്‌ പി പാനി അറിയിച്ചതായി അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്ക്‌ നേതാക്കൾ കത്ത്‌ നൽകി. വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ സുപ്രീംകോടതി ഉത്തരവ്‌ നേടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News