ബൊളീവിയയിൽ പ്രതിഷേധക്കാർക്കു നേരെ സായുധ പൊലീസിന്റെ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു

ബൊളീവിയൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ അട്ടിമറിച്ചതിനെതിരെ പ്രകടനം നടത്തിയവർക്കുനേരെ സായുധ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ 8 പേർ കൊല്ലപ്പെട്ടു. എഴുപത്തഞ്ചോളംപേർക്ക്‌ പരിക്കേറ്റതായി സ്ഥലത്തെ മെക്‌സിക്കോ ഹോസ്‌പിറ്റൽ ഡയറക്ടർ ഗ്വോദാൽബെർത്തോ ലാറ അറിയിച്ചു. രണ്ട്‌ ഡസനോളം പേരുടെ പരിക്ക്‌ സാരമുള്ളതാണ്‌.

മധ്യ ബൊളീവിയയിൽ കൊച്ചബാബംബ നഗരത്തിന്‌ സമീപം സാകാബ പട്ടണത്തിലാണ്‌ സംഭവം. കോക്ക കർഷകരും വിദ്യാർഥികളുമടക്കമുള്ള ജനക്കൂട്ടം പൊലീസ്‌ ബാരിക്കേഡിന്‌ സമീപമെത്തിയപ്പോൾ വെടിവയ്‌ക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളടങ്ങിയ പേടകങ്ങളിൽ തദ്ദേശവംശജരുടെ പതാകയായ വിഫാലയും ദേശീയ പതാകയും ചാർത്തി മെഴുകുതിരികൾ കത്തിച്ച്‌ രാത്രി ബന്ധുക്കളടക്കമുള്ളവർ പ്രതിഷേധിച്ചു. തലസ്ഥാനമായ ലാപാസ്‌ അടക്കമുള്ള നഗരങ്ങളിലും അട്ടിമറിയിൽ പ്രതിഷേധിച്ച ജനങ്ങൾക്കെതിരെ കണ്ണീർവാതക ഷെല്ലുകളും മറ്റും ഉപയോഗിച്ച്‌ അതിക്രമങ്ങളുണ്ടായി.

ഇതിനിടെ പ്രസിഡന്റ്‌ മൊറാലിസിനെ വീണ്ടും മത്സരിക്കാൻ അനുവദിക്കില്ലെന്ന്‌ അട്ടിമറിയെ തുടർന്ന്‌ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച സെനറ്റംഗം ജിയാനിൻ അനെസ്‌ പറഞ്ഞു. മെക്‌സിക്കോയിൽ അഭയം തേടിയ മൊറാലിസ്‌ തിരിച്ചെത്തിയാൽ കേസിൽ കുടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News