മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ശബരിമല ക്ഷേത്രനട തുറന്നു

മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് വിളക്കുതെളിച്ചു.

തുടർന്ന് പതിനെട്ടാംപടിയ്ക്ക് മുന്നിലെ ആഴിത്തറയിൽ തീ പകർന്നു. തീർഥാടകരുടെ വൻ തിരക്കായിരുന്നു. നടപ്പന്തൽ നിറഞ്ഞ് ക്യൂ നീണ്ടു. പുലർച്ചെ മുതൽ പമ്പയിൽ വിരിവച്ച് കാത്തിരുന്നവരും ഏറെ.

പുതിയ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയെ അഭിഷേകം ചെയ്‌തശേഷം ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിച്ച്‌ തന്ത്രി, മൂലമന്ത്രം പകർന്നുനൽകി.

മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങ്‌ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാളുടെ മരണം മൂലം നടന്നില്ല. 23ന്‌ ഈ ചടങ്ങ്‌ നടക്കും. അതുവരെ മാളികപ്പുറം പരികർമി ക്ഷേത്രനട തുറന്ന്‌ ദർശനത്തിന്‌ വഴിയൊരുക്കും.

ഡിസംബർ 27 നാണ് മണ്ഡലപൂജ. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു, ബോർഡ് അംഗങ്ങളായ അഡ്വ. എൻ വിജയകുമാർ, അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണർ എം ഹർഷൻ തുടങ്ങിയവർ നടതുറക്കലിന് സന്നിധാനത്തെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here