കൊച്ചി: ബാങ്ക് മാനേജരെ മര്‍ദിച്ചെന്ന സംഭവം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ എസ്പി ആര്‍ നിശാന്തിനിക്കെതിരായ പരാതിയും കേസും ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിശാന്തിനി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് വിധി.

യൂണിയന്‍ ബാങ്ക് മുന്‍ മാനേജര്‍ പേഴ്‌സി ജോസഫ് നല്‍കിയ പരാതിയും തൊടുപുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിശാന്തിനി ഹര്‍ജി നല്‍കിയിരുന്നത്.

തൊടുപുഴ എഎസ്പിയായിരിക്കെ 2011 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം.

ബാങ്കില്‍ വായ്പാ അപേക്ഷയുമായെത്തിയ വനിതാ കോണ്‍സ്റ്റബിളിനെ കൈയില്‍ കടന്നുപിടിച്ചെന്ന കേസില്‍ പേഴ്‌സി ജോസഫിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണ് കേസ്. പേഴ്‌സി ജോസഫ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മര്‍ദനത്തിന് നഷ്ടപരിഹാരം തേടി പേഴ്‌സി ജോസഫ് തൊടുപുഴ സബ്‌കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ഈ കേസ് ഹൈക്കോടതി മീഡിയേഷന്‍ സെന്ററിലെ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. പേഴ്‌സി ജോസഫിന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.