റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ തലപ്പത്തുനിന്നും അനില്‍ അംബാനി രാജിവച്ചു

മുംബൈ: കടത്തില്‍ മുങ്ങിയ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ തലപ്പത്തുനിന്നും ശതകോടീശ്വരന്‍ അനില്‍ അംബാനി രാജിവച്ചു. കമ്പനി ഡയറക്ടര്‍മാരായ ചഹ്യ വിരാനി, റൈന കരാനി, മഞ്ജരി കക്കര്‍, സുരേഷ് രംഗാചര്‍ എന്നിവരും രാജിവച്ചു.

30,142 കോടിരൂപ നഷ്ടത്തിലായ കമ്പനി പാപ്പര്‍ പ്രഖ്യാപനത്തിനായി ആസ്തി വില്‍ക്കാനൊരുങ്ങവെയാണ് അനില്‍ അംബാനി ഡയറക്ടര്‍സ്ഥാനം കൈയ്യൊഴിഞ്ഞത്.കമ്പനിയുടെ ഡയറക്ടറും മുഖ്യ സാമ്പത്തിക ഓഫീസറുമായ വി മണികണ്ഠന്‍ നേരത്തെ രാജിവച്ചിരുന്നു.

ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഭീമന്‍ കമ്പനി വരുത്തിവയ്ക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ കടബാധ്യതയാണിത്. ലോകത്തെ ഏറ്റവും വലിയ പത്ത് അതിസമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയിട്ടുള്ള അനില്‍ അംബാനി ഇപ്പോള്‍ സ്ഥാപനം കൈയ്യൊഴിഞ്ഞ് കടബാധ്യതയില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ്.

ഒരുവര്‍ഷം മുമ്പ് ഇതേകാലയളവില്‍ കമ്പനി 1,141 കോടി രൂപ ലാഭംനേടിയെന്നാണ് കണക്ക്. ലൈസന്‍സ് ഫീ ഇനത്തില്‍ 23,327 കോടിയും സ്പെക്ട്രം ഉപയോഗിച്ച ഇനത്തില്‍ 4,987 കോടിയും കമ്പനി നല്‍കാനുണ്ട്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2019 ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 28,314 കോടി രൂപ കമ്പനിക്ക് ഈ ഇനത്തില്‍ മാറ്റിവയ്ക്കേണ്ടിവന്നു. സ്വീഡിഷ് ടെലകോംഭീമന്‍ എറിക്സണുമായുള്ള കേസിലാണ് സുപ്രീംകോടതി ഇടപെടലുണ്ടായത്.

അംബാനി കുടുംബത്തിലെ സ്വത്ത് വീതംവച്ചതോടെ 2005ലാണ് മുകേഷ് അംബാനിയില്‍ നിന്നും കമ്പനി അനില്‍ അംബാനി സ്ഥാപനം ഏറ്റെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel