കണക്കുകള്‍ മറച്ചു വയ്ക്കുകയും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച്, അവയില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന പ്രവണതയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി (NSO)ന്റ 2017-18-ലെ ഉപഭോക്തൃ ചിലവ് സര്‍വെ പുറത്തു വിടേണ്ടതില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം.

രാജ്യത്തെ ഉപഭോക്തൃ ചിലവില്‍ 3.7 ശതമാനം കുറവുണ്ടായെന്നും ഇത് രാജ്യം കടന്നു പോകുന്ന കടുത്ത ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടാണ് മോദി സര്‍ക്കാര്‍ തടഞ്ഞു വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍വെയില്‍ ഉപയോഗിച്ച ഡാറ്റയുടെ ‘ഗുണനിലവാരം മോശ’മാണ് എന്നതാണ് സര്‍വെ പുറത്തു വിടേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തെ പ്രരിപ്പിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.