പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും; ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല: മന്ത്രി കടകംപള്ളി

ശബരിമല> ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനതതില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മാസ പൂജ സമയം ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ സൗകര്യം നല്‍കിയിരുന്നു.

മാസപൂജ സമയത്ത് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടത്. ഇത് തുടരാന്‍ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേക ബസ് സര്‍വീസ് നടത്തും.

ചെയിന്‍ സര്‍വീസ് ബസുകളില്‍ ടിക്കറ്റ് നല്‍കുന്നതിന് കണ്ടക്ടര്‍മാരെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് ബസില്‍ കയറുന്നതിന് ക്യു സംവിധാനം നടപ്പാക്കും.

തീര്‍ഥാടന കാലം കുറ്റമറ്റതരത്തില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പും പൂര്‍ത്തിയായി. എല്ലാ ആശങ്കകളും ഒഴിഞ്ഞുള്ള മണ്ഡലകാലത്തിനാണ് തുടക്കമായിട്ടുള്ളത്.

ആഹ്‌ളാദത്തോടെ, ഭയാശങ്ക ഇല്ലാത്ത ഭക്തരുടെ മുഖമാണ് ശബരിമലയില്‍ കാണുവാന്‍ സാധിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ വലിയ വര്‍ധനയാണുള്ളത്.

ഇത് നല്ല സൂചനയാണ് നല്‍കുന്നത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എല്ലാം തൃപ്തികരമാണെന്നും കടകംപള്ളി പറഞ്ഞു

രണ്ടു ദിവസത്തിനുള്ളില്‍ അവശേഷിക്കുന്നവ കൂടി പൂര്‍ത്തീകരിക്കും. നിലയ്ക്കല്‍ വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

11,000 വാഹനങള്‍ ഇവിടെ പാര്‍ക്കിംഗ് നടത്താം. പൊലീസ്, ഗതാഗത വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താമസ സൗകര്യം ഒരുക്കി.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ശുചീകരണത്തിനായി 900 വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.

33,000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമേ അയ്യപ്പ സേവാ സംഘവും അയ്യപ്പ സേവാ സമാജവും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിന് ശബരിമല എ ഡി എം എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും മന്ത്രി പറഞ്ഞു.

എംഎല്‍എ മാരായ രാജു ഏബ്രഹാം, കെ യു ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, മെമ്പര്‍മാരായ അഡ്വ. എന്‍ വിജയകുമാര്‍, കെ എസ് രവി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here