മണ്ഡല മാസ തീർത്ഥാടന കാലം ആരംഭിച്ച ആദ്യ ദിനം സന്നിധാനത്ത് എത്തിയത് അരലഷത്തിലധികം തീർത്ഥാടകർ. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സന്നിധാനത്ത് തിരക്കേറുമെന്നാണ് ദേവസ്വം ബോർഡിന്‍റെ പ്രതീക്ഷ.

സുഗമമായ ദർശനം നടത്താൻ ഏർപ്പടുത്തിയ ക്രമീകരണങ്ങളിൽ തീർത്ഥാടകർ സന്തുഷ്ടി പ്രകടിപ്പിച്ചു. മണ്ഡല മാസ തീർത്ഥാടനത്തിന്റെ ആദ്യ ദിനം പിന്നിട്ടപ്പോൾ തന്നെ തീർത്ഥാടകരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് നേരിയ വർദ്ധനവ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.

നട തുറന്ന് ആദ്യ ദിനം മുതൽ ഞായറാഴ്ച്ച വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് അര ലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തി.

കഴിഞ്ഞ വർഷം ആദ്യ ദിനം മുപ്പത്തി അയ്യായിരം തീർത്ഥാടകരായിരുന്നു ദർശനം നടത്തിയത്. കഴിഞ്ഞ തവണ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയ സുരക്ഷാ പരിശോധനകൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.

കാനന പാതയിൽ അടക്കം വിപുലമായ ക്രമീകരണങ്ങൾ സജ്ജമാക്കിയ നടപടിയിൽ തീർത്ഥാടകർ ഏറെയും സന്തോഷത്തിലാണ് അതേ സമയം തീർത്ഥാടകർ കൂടിയതിന് ആനുപാതികമായി നടവരവിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് പുറത്തു വിടും