എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. വൈദ്യുതിമന്ത്രി എം എം മണി അധ്യക്ഷനാകും.

400 കെവി ലൈനിലൂടെ 800 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാനാകുന്ന പദ്ധതിയാണിത്. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ നിലവില്‍ പ്രസരണ ശൃംഖലയില്‍ രണ്ടു കിലോവാട്ട് വര്‍ധനയുണ്ടായി. ഉദുമല്‍പെട്ട്–പാലക്കാട്, മൈസൂരു–അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനായി. പ്രസരണ നഷ്ടം ഗണ്യമായി കുറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലച്ച പദ്ധതിയാണ്. 148.3 കിലോമീറ്റര്‍ ലൈനില്‍ 138.8 കിലോമീറ്ററും പൂര്‍ത്തിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആകെയുള്ള 447 ടവറില്‍ 351 എണ്ണം പൂര്‍ത്തിയാക്കിയതും മൂന്നു വര്‍ഷത്തിനിടെയാണ്. 1300 കോടി രൂപയുടേതാണ് പദ്ധതി.