കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയ ബിഎസ്എന്‍എല്ലില്‍ സ്വയംവിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചത് 78,917 പേര്‍. യോഗ്യരായ 1,04,471 ജീവനക്കാരുടെ 75 ശതമാനത്തിലേറെ വരുമിത്. ഗ്രൂപ്പ് എ വിഭാഗത്തില്‍നിന്ന് 4131 ജീവനക്കാരാണ് വിരമിക്കലിന് അപേക്ഷിച്ചത്.

ഗ്രൂപ്പ് ബി – 8819, സി- 55707, ഡി- 9919, ഐ/ഡബ്ല്യൂ — 341 എന്നിങ്ങനെയാണ് മറ്റുള്ള അപേക്ഷകരുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം വിആര്‍എസ് അപേക്ഷകരുള്ളത്.- 8601 പേര്‍. കേരളത്തില്‍ 4464 പേര്‍ അപേക്ഷിച്ചു.

നവംബര്‍ ആറുമുതലാണ് ഓണ്‍ലൈനായി വിആര്‍എസിന് അപേക്ഷ തുടങ്ങിയത്. ഡിസംബര്‍ മൂന്നുവരെ അപേക്ഷിക്കാം. ജനുവരി 31ന് വിആര്‍എസ് പ്രാബല്യത്തില്‍ വരും.

നേട്ടം കേന്ദ്രത്തിന്; ജീവനക്കാര്‍ക്ക് നഷ്ടം

ബിഎസ്എന്‍എല്ലിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ സ്വീകരിക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് നഷ്ടംമാത്രം. പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക് ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് അര്‍ഹത ലഭിക്കില്ല. വിരമിക്കലിനുശേഷം ജീവനക്കാരന് ഒരു അനൂകുല്യവുമില്ല. ജീവനക്കാര്‍ യഥാര്‍ഥ വിരമിക്കല്‍ തീയതിക്കുമുമ്പ് മരിച്ചാല്‍ കുടുംബത്തിനോ അവകാശിക്കോ കമ്യൂട്ടേഷന്‍ ലഭിക്കില്ല. ഇതുകൂടാതെ ലഭിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപയ്ക്കു മുകളില്‍ ആദായനികുതിയും നല്‍കണം.

യൂണിയനുകള്‍ നിരാഹാരസമരത്തിന്

വിആര്‍എസ് എടുക്കുന്നവര്‍ക്ക് പെന്‍ഷനും ശമ്പളപരിഷ്‌കരണവും ഉറപ്പാക്കുക, 4 ജി സ്പെക്ട്രം ഉടന്‍ അനുവദിക്കുക, ഒക്ടോബര്‍ മാസത്തിലെ ശമ്പളം വിതരണം ചെയ്യുക, കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്ലിലെ മുഴുവന്‍ യൂണിയയനുകളും സംയുക്തമായി മൂന്നുദിവസം നിരാഹാരസമരം നടത്തും.

ബുധനാഴ്ചമുതല്‍ ബിഎസ്എന്‍എല്ലിന്റെ എല്ലാ കേന്ദ്രത്തിലും നിരാഹാരസമരം സംഘടിപ്പിക്കുമെന്ന് ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍ ഓഫ് ബിഎസ്എന്‍എല്‍ പ്രസ്താവനയില്‍ അറിയിച്ചു