ഒരുതുണ്ട് ഭൂമിയില്‍ വീടുവയ്ക്കാന്‍ ഗ്രാമീണ റോഡില്‍നിന്ന് മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന നിയമം ഇനിയില്ല. പുതിയ കെട്ടിട നിര്‍മാണ ചട്ടപ്രകാരം വിജ്ഞാപനം ചെയ്യാത്ത ഗ്രാമീണ റോഡുകളില്‍നിന്ന് ഇനി രണ്ട് മീറ്റര്‍ മാത്രം അകലം പാലിച്ചാല്‍മതി.

ആറു മീറ്ററില്‍താഴെ വീതിയുള്ള വിജ്ഞാപനം ചെയ്യാത്ത ഗ്രാമീണ റോഡുകള്‍ക്കടുത്ത് വീട് വയ്ക്കുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പുതിയ കെട്ടിട നിര്‍മാണ ചട്ടം മന്ത്രിസഭ അംഗീകരിച്ചു.

ബോധപൂര്‍വമല്ലാത്ത കാരണങ്ങള്‍കൊണ്ട് ചെറിയ തോതില്‍ ചട്ടങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇനി ഇളവ് ലഭിക്കും. നിലവില്‍ യാതൊരു ഇളവുമില്ലായിരുന്നു. ഇത് കെട്ടിട നിര്‍മാതാവിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.

ചില ഉടമകള്‍ ആത്മഹത്യ ചെയ്തുവെന്ന പരാതിയടക്കം ഉയര്‍ന്നു. എന്നാല്‍, പുതിയ ചട്ട പ്രകാരം സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. പതിനഞ്ച് ശതമാനംവരെയും കവറേജില്‍ അഞ്ച് ശതമാനവുമാണ് ഇളവ് അനുവദിക്കുക.

തെറ്റായ രൂപരേഖ തയ്യാറാക്കുന്ന ലൈസന്‍സികളുടെ ലൈസന്‍സ് പുതിയ ചട്ടപ്രകാരം അഞ്ച് വര്‍ഷത്തേക്ക് റദ്ദാക്കും. നേരത്തെ ഒരു വര്‍ഷമായിരുന്നു. പ്രോസിക്യൂഷന്‍ നടപടിയും സ്വീകരിക്കും. ലൈസന്‍സികള്‍ വരുത്തുന്ന നിയമലംഘനങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് തദ്ദേശഭരണ സെക്രട്ടറി രജിസ്റ്ററിങ് അധികാരിക്ക് നല്‍കണം. മരടില്‍ ചട്ടംലംഘിച്ച് ഫ്ളാറ്റ് നിര്‍മിച്ച പശ്ചാത്തലത്തില്‍ ഇത് ഏറെ പ്രസക്തമാണ്.