ഫാത്തിമയുടെ പിതാവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും

വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍  അന്വേഷണം കൂടുതല്‍ ഊര്‍ജിമാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ്‌ ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

ഇതിനിടെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹണ്യം ചെന്നൈ ഐഐടിയിലെത്തി. അന്വേഷണം ശരിയായ ദിശയിലാണെന്ന് സുബ്രഹ്മണ്യം മാധ്യമങ്ങളോട് പറഞ്ഞു. സത്യാവസ്ഥ ഉറപ്പായും പുറത്തുവരും. മിടുക്കിയായ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുഃഖിക്കുന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡീനിന്റെയും അധ്യാപകരുടെയും മൊഴിയെടുത്തു. റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ മാനവ വിഭവശേഷി മന്ത്രിക്ക് കൈമാറുമെന്നും സുബ്രഹ്മണ്യം പറഞ്ഞു.

സഹോദരി അയിഷയുടെ പക്കലുള്ള ഫാത്തിമയുടെ ലാപ്ടോപ്പും ഐ പാഡും പരിശോധിക്കുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും പ്രത്യേക അന്വേഷക സംഘം അടുത്ത ദിവസം കൊല്ലത്തെത്തും. അതിനിടെ ഫാത്തിമ ലത്തീഫിന്റെ കുടുംബം അപകീര്‍ത്തിപ്പെടുത്തുന്നതായി മദ്രാസ് ഐഐടി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതായി സൂചനയുണ്ട്. മൂന്നു ദിവസമായി ചെന്നൈയിലായിരുന്ന ഫാത്തിമയുടെ അച്ഛന്‍ അബ്ദുള്‍ ലത്തീഫ് ഞായറാഴ്ച കൊല്ലത്തെ വീട്ടില്‍ തിരികെയെത്തി.

മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണമായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് ബാപ്പ അബ്ദുള്‍ ലത്തീഫ്. ഇല്ലെങ്കില്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിളിച്ചുപറയും. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍നിന്ന് ഞായറാഴ്ച രാവിലെ എത്തിയ അബ്ദുള്‍ ലത്തീഫ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഫാത്തിമയുടെ ലാപ്ടോപ്പിലും ടാബിലും എല്ലാ തെളിവുമുണ്ട്. അവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. മരണത്തിന് ഉത്തരവാദി ആരെന്ന് മകള്‍തന്നെ വ്യക്തമാക്കിയതാണ്. അധ്യാപകന്‍ സുദര്‍ശനന്‍ പത്മനാഭനെതിരെ തെളിവ് ശേഖരിച്ചശേഷം അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഐഐടി അധികൃതര്‍ ആരോപണം ഉന്നയിക്കുന്നത്.

‘പരിഷ്‌കൃത സമൂഹത്തില്‍ കാണാത്തത്ര ബുദ്ധിമുട്ടാണ് കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും എംഎല്‍എമാരുമെല്ലാം കൃത്യമായി വിഷയത്തില്‍ ഇടപെടുന്നു. മുഖ്യമന്ത്രിയും മറ്റുള്ളവരും വിളിച്ചതായി ചെന്നൈയില്‍ പോയ ഓഫീസില്‍നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞു. അതത് ദിവസം അന്വേഷണ പുരോഗതി അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു. സര്‍ക്കാരിലാണ് അവസാന പ്രതീക്ഷ. മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കാണും’- ലത്തീഫ് പറഞ്ഞു.

മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ഇടതുപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കും. ഞായറാഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സിപിഐ എം രാജ്യസഭാ നേതാവ് ടി കെ രംഗരാജന്‍ വിഷയം ഉന്നയിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനമുണ്ടായോ എന്ന് പരിശോധിക്കണം.

ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉയര്‍ത്തും- രംഗരാജന്‍ പറഞ്ഞു. ഡിഎംകെ നേതാവ് ടി ആര്‍ ബാലു അടക്കമുള്ള നേതാക്കള്‍ രംഗരാജനെ പിന്തുണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News