സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് ചുമതലയേല്‍ക്കും

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ തിങ്കളാഴ്ച ചുമതലയേല്‍ക്കും.  രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.2021 ഏപ്രില്‍ 23വരെ പദവിയില്‍ തുടരാം. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിച്ചു.

വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റിസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളും അയോധ്യാവിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സമര്‍പ്പിക്കാനിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയും ഇനി ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക.

മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയാണ് ബോബ്ഡെ.  2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. 1956 ഏപ്രില്‍ 24ന് നാഗ്പൂരിലാണ് അദ്ദേഹം ജനിച്ചത്. നാഗ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി ബിരുദം നേടിയ ജസ്റ്റിസ് ബോബ്ഡെ, 1978ലാണ് മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി സേവനം തുടങ്ങിയത്.

1998 ല്‍ മുതിര്‍ന്ന അഭിഭാഷകനും 2000 ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയുമായി. 2012 ഒക്ടോബര്‍ 16ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2013 ഏപ്രില്‍ 12 മുതല്‍ സുപ്രിംകോടതി ജഡ്ജിയാണ്. ബാബരി ഭൂമി തര്‍ക്കകേസില്‍ വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ബോബ്ഡെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here