മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍, പൊലീസ് സ്വയരക്ഷാര്‍ത്ഥം വെടിവെച്ചു

മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലും വ്യക്തതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മാവോയിസ്റ്റുകള്‍ തടസ്സം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. പര്യാപ്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, യുഎപിഎ ചുമത്തല്‍ എന്നിവയില്‍ വീണ്ടും വ്യക്തത വരുത്തിയത്. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചത്. പൊലീസ് സ്വയം രക്ഷാര്‍ത്ഥം തിരികെ വെടിവെച്ചു.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മാവോയിസ്റ്റുകള്‍ തടസ്സം വരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായോ എന്നത് പരിശോധിച്ച് വരികയാണ്. മജിസ്‌ട്രേറ്റ് തല അന്വേഷണവും നടക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്ത് കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. അപ്രായോഗികമായ പ്രത്യശാസ്ത്ര നിലപാടാണ് അവരുടേതെന്നും ഏറ്റുമുട്ടല്‍ സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം പരിഗണനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പര്യാപ്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.

ഇതില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് യുഎപിഎ സമിതിയുടെ പരിശോധക്ക് വിധേയമായിട്ടായിരിക്കുമെന്നും മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് സിപിഐഎം പി ബി അതൃപ്തി രേഖപ്പെടുത്തി എന്ന വാര്‍ത്ത ഉയര്‍ത്തിയ പ്രതിപക്ഷത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

വാര്‍ത്തയില്‍ പറഞ്ഞ പോലെ ഒന്നും പിബിയില്‍ സംഭവിച്ചിട്ടില്ല. പി ബിയില്‍ ഇരുന്ന പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത എഴുതിയിട്ടുള്ളത്. പിബി ഹൈക്കമാന്‍ഡ് പോലെയല്ല. വളരെ ശക്തമാണ്. ഞങ്ങളൊക്കെ പാര്‍ട്ടി ഘടകത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ്. അതിനു മുകളില്‍ ആര്‍ക്കും പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഐഎം പിബിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സ്വീകരിച്ചിട്ടുള്ള മുന്‍ നിലപാടുകള്‍ കൂടി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിപക്ഷത്തിനുള്ള മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here