നെടുമ്പാശേരി അത്താണിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ വെട്ടിക്കൊന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെയാണ് കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

അരുംകൊലയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുണ്ടകള്‍ തമ്മിലുളള വൈരാഗ്യമാണ് കൊലപാതക കാരണമെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ നെടുമ്പാശേരി അത്താണി ബാറിന് മുന്നിലുളള റോഡില്‍ വച്ചായിരുന്നു അരുംകൊല. നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമ്പാശേരി തുരുത്തിശ്ശേരി സ്വദേശി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് 34കാരനായ യുവാവിനെ മൂന്നംഗ സംഘം വെട്ടുന്നത്.

ബിനോയിയുടെ തലയ്ക്ക് നിരവധി തവണ വെട്ടേല്‍ക്കുകയും മുഖം വികൃതമാകുകയും ചെയ്തു. കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട ബിനോയിയും കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിക്കുകയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്. അത്താണി ബോയ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘാംഗം കൂടിയായിരുന്നു ബിനോയി.

ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ച യുവാവിന്റെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.