‘ഒടിയനി’ല്‍ കേക്ക് മുറിക്കുന്നതിനിടെ സംഭവിച്ചതെന്ത്? എല്ലാവരെയും വിളിച്ചുവരുത്തും; മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ കുരുക്കിലേക്ക്

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം.

‘ഒടിയന്‍’ സിനിമയുടെ ഭാഗമായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് മഞ്ജുവിന്റെ പ്രധാന പരാതി. അതുകൊണ്ട് സെറ്റില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാവരില്‍ നിന്നും മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍േട്രാളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരില്‍ നിന്ന് നേരത്തെ പൊലീസ് മൊഴിയെടുത്തിരുന്നു. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികളെന്ന് അന്വേഷണസംഘം അറിയിച്ചു.

ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News