ദില്ലിയെ ഞെട്ടിച്ച് ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭം; ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം; യൂണിയന്‍ നേതാക്കളടക്കം 52 പേര്‍ അറസ്റ്റില്‍; പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ദില്ലി: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജെഎന്‍യു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് പൊലീസ് തടഞ്ഞു.

വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷെ ഘോഷ് അടക്കം 52ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘര്‍ഷവാസ്ഥ നിലനില്‍ക്കുകയാണ്. ജെഎന്‍യു ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് മാര്‍ച്ച് തടയുന്നതിനായി വിന്യസിച്ചിട്ടുള്ളത്. പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇതിനിടെ ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുമ്പാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.

നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്.

മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു

നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.

മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News