‘ലാത്തികള്‍ തോക്കുകള്‍ ബാരിക്കേഡുകള്‍ കണ്ടുഭയക്കില്ലീശക്തി…’; ഇന്ദ്രപ്രസ്ഥത്തെ വിറപ്പിച്ച് വിദ്യാര്‍ത്ഥി മുന്നേറ്റം

നീതിനിഷേധങ്ങല്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ എല്ലാകാലത്തും ജെഎന്‍യുവിന് അസാധാരണമായ കരുത്താണ്. ഭരണകൂടത്തിന്റെ എല്ലാ മര്‍ദ്ധനോപാധികളെയും സംഘ ബോധം കൊണ്ടും വിദ്യാര്‍ത്ഥി മുന്നേറ്റം കൊണ്ടും ചെറുത്ത് തോല്‍പ്പിച്ചത് തന്നെയാണ് ജെഎന്‍യുവിന്റെ ചരിത്രം.

ആ ചരിത്ര മുന്നേറ്റങ്ങളിലേക്ക് മറ്റൊരു ഏട് കൂടി ചേര്‍ത്തുവയ്ക്കുകയാണ് ജെഎന്‍യു. ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെ വിദ്യാര്‍ഥികളോടോ യൂണിയന്‍ പ്രതിനിധികളോടോ ആലോചിക്കാതെ എടുത്ത വിദ്യാര്‍ത്ഥി വിരുദ്ധമായ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരുമാസത്തിലേറെയായി നടത്തിവരുന്ന സമരം അടിച്ചമര്‍ത്താന്‍ അധികാരികള്‍ തുനിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സമരം കൂടുതല്‍ ശക്തമാക്കി.

സമരം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് 16ാം തിയ്യതി സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി മാനവ വിഭവശേഷി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഒരു മാസത്തിലേറെയായി വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന വിസി വിദ്യാര്‍ത്ഥികളെ കാണാതെ പരിഞ്ഞ് പോവില്ലെന്ന് സമരക്കാര്‍ തീരുമനമെടുത്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചിരുന്നു.

രണ്ട് ദിവസത്തിന് ശേഷം ഇന്ന് രാവിലെ വിദ്യാര്‍ഥികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മാര്‍ച്ച് രാവിലെ ക്യാമ്പസിന് മുന്നില്‍വച്ച് പൊലീസ് തടഞ്ഞുവെന്ന് മാത്രമല്ല ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികള്‍ക്ക് മുന്നില്‍ തോറ്റ് പിന്‍മാറുകയായിരുന്നില്ല ജെഎന്‍യു അവകാശ പോരാട്ടങ്ങളെ ലാത്തികൊണ്ടമര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ജെഎന്‍യു വീണ്ടും തെളിയിച്ചു.

പൊലീസ് തടഞ്ഞ മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ മറ്റൊരു വഴിയിലൂടെ പാര്‍ലമെന്റിലേക്ക് നയിച്ചു. നിരോധനാജ്ഞ ലംഘിച്ച് പൊലീസിന്റെ ബാരിക്കേഡുകളെയും മറികടന്ന് നീങ്ങിയ വിദ്യാര്‍ത്ഥി സാഗരത്തിന് നേരെ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള രാജ്യതലസ്ഥാനത്തെ പൊലീസ് സംവിധാനം ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു ഐഷി ഘോഷ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെയും സമരസഖാക്കളെയും അടക്കം 58 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സമാധാനപരമായി കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വൈകുന്നേരത്തോടെ രണ്ടാമതും പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.

എന്നാല്‍ ഉറച്ച അവകാശ ബോധമുള്ള ആ വിദ്യാര്‍ത്ഥി സഞ്ജയത്തെ ഒന്ന് ഉലയ്ക്കാന്‍ പോലും പൊലീസിന്റെ ലാത്തിപ്രയോഗത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല കൂടുതലുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് അവര്‍ ലക്ഷ്യത്തിലേക്ക് നടന്നു.

ഒരു വിദ്യാര്‍ത്ഥി സമരത്തിന് നേരെ ഒറ്റ ദിവസംകൊണ്ട് മൂന്ന് തവണയാണ് പൊലീസ് ലാത്തിപ്രയോഗിക്കുന്നത്. പിടികൂടിയ വിദ്യാര്‍ത്ഥികളെ ബൂട്ടും മുട്ടുകാലും ഉപയോഗിച്ച് കിരാതമായ രീതിയിലാണ് പൊലീസ് നേരിടുന്നത്.

രണ്ട് തവണ ലാത്തിപ്രയോഗിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോയില്ല തുടര്‍ന്ന് പൊലീസിന്റെ നരനായാട്ടാണ് അക്ഷരാര്‍ഥത്തില്‍ രാജ്യ തലസ്ഥാനം കണ്ടത്.

ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരത്തില്‍ വിദ്യാര്‍ത്ഥികളെ അടിച്ചോടിക്കുകയാണ് പൊലീസ്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ഐഷി ഘോഷിനെ ഉള്‍പ്പെടെയുള്ള സമര സഖാക്കളെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചിരുന്നു.

തുടര്‍ന്ന് ഐഷി ഘോഷ് സമരത്തെ അഭിസംബോധന ചെയത് സംസാരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് കിരാതമായ ആക്രമണം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനങ്ങളും കൂടാതെയാണ് പൊലീസിന്റെ നടപടി.

തച്ചുടയ്ക്കാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ ഏത് സന്നാഹങ്ങളോടും വിദ്യാര്‍ത്ഥി ഐക്യം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ജെഎന്‍യു തെളിയിക്കും.

അധികാര ഗര്‍വ് മൂത്ത ഭരണവര്‍ഗത്തിന്റെ അടിവേരറുക്കുന്ന പോരാട്ടങ്ങള്‍ക്ക് ജെഎന്‍യു തിരികൊളുത്തുകയാണ് നമ്മളേറ്റുവാങ്ങണം പോരാട്ടത്തിന്റെ ഈ പന്തങ്ങളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News