കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരണം ബുധനാഴ്ച തുടങ്ങും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ റണ്‍വെ നവീകരണ പദ്ധതിക്ക് ബുധനാ‍ഴ്ച്ച തുടക്കം. ഇതിന്‍റെ ഭാഗമായി അടുത്ത മാർച്ച് 28 വരെ പകൽ സമയം വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. 5 സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേ സമയം ചെക്കിന്‍ സമയം വര്‍ധിപ്പിച്ചതായും സിയാല്‍ അറിയിച്ചു.

1999-ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തിൽ 10 വര്‍ഷം മുമ്പാണ് ആദ്യ റൺവെ റീ-സർഫസിങ് നടത്തിയത്.

3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റണ്‍വെ ,വർഷങ്ങളായുള്ള ഉപയോഗത്തെത്തുടര്‍ന്ന് കൂടുതല്‍ മിനുസമുള്ളതായി മാറി. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കും.ഈ സാഹചര്യത്തിലാണ് വീണ്ടും റണ്‍വെ റീ-സർഫസിങ് നടത്തുന്നത്.

റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുക.നവീകരണ പ്രവൃത്തികളുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ പത്തിന് അടക്കുന്നവിമാനത്താവള റൺവെ വൈകീട്ട് ആറിനെ തുറക്കുകയുള്ളൂ.

മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചതിനാൽ 5വിമാന സർവീസുകൾ മാത്രമാണ് റദ്ദുചെയ്യേണ്ടിവന്നത്. സ്‌പൈസ് ജെറ്റിന്‍റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്.

വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവീസുകളും റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

പ്രതിദിനം 30,000 യാത്രക്കാരേയും 240 സർവീസുകളും കൈകാര്യം ചെയ്യുന്ന കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന സമയം 16 മണിക്കൂർ ആയി ചുരുങ്ങുന്നതോടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഇത് പരിഗണിച്ച് സിയാല്‍ ചെക്ക്-ഇൻ സമയം ദീര്‍ഘിപ്പിച്ചു.

ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ക‍ഴിയും.150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ചെലവ്.

കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവംബർ മുതല്‍ മാർച്ച് വരെയുള്ള സമയം റൺവെ നവീകരണ പ്രവർത്തനത്തിന് സിയാൽ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here