അയോധ്യഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വസ്തുതകള്‍ക്കല്ല, വിശ്വാസത്തിനാണ് വിധിയില്‍ മേല്‍ക്കൈ ലഭിച്ചത്. നിയമവാഴ്ച ലംഘിച്ചെന്ന് കോടതിതന്നെ കണ്ടെത്തിയവര്‍ക്ക് സ്ഥലമാകെ നല്‍കി- പൊളിറ്റ്ബ്യൂറോ യോഗതീരുമാനങ്ങള്‍ വിശദീകരിക്കെ യെച്ചൂരി പറഞ്ഞു.
ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്നും ഭൂമിതര്‍ക്കക്കേസില്‍ വിധി പ്രസ്താവന മതനിരപേക്ഷ ചട്ടക്കൂടില്‍നിന്നായിരിക്കണമെന്നും ഭരണഘടനാബെഞ്ച് വ്യക്തമാക്കുന്നു. എന്നാലും ഒരുപക്ഷത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമവിധി. ഹര്‍ജിക്കാരെ പരാമര്‍ശിക്കുമ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വിശേഷിപ്പിച്ച് വിഷയത്തിന്റെ തലം മാറ്റി.
ബാബ്റി മസ്ജിദ് 1992 ഡിസംബറില്‍ തകര്‍ത്തത് ഗുരുതര നിയമലംഘനമാണെന്ന് വിധിയില്‍ പറയുന്നു. കുറ്റകരമായ ഈ പ്രവൃത്തിക്ക് ഉത്തരവാദിയായവര്‍ക്കുതന്നെ സ്ഥലം വിട്ടുകൊടുത്തു. 1989ല്‍ ഹര്‍ജി നല്‍കിയത് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്നു. ഇതേ സംഘടനയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ് ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് വഴിതെളിച്ചത്. പള്ളിയില്‍ 1949 ഡിസംബറില്‍ അനധികൃതമായി കടന്ന് വിഗ്രഹം സ്ഥാപിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നും വിധിയില്‍ പറയുന്നു.
ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന ഹിന്ദുത്വശക്തികളുടെ വാദം സ്ഥാപിക്കാന്‍ വേണ്ട തെളിവൊന്നും ലഭിച്ചിട്ടില്ല. 1528 മുതല്‍ 1857 വരെ ബാബ്റി മസ്ജിദ് മന്ദിരത്തിന്റെയാകെ അവകാശം മുസ്ലിങ്ങള്‍ക്കുമാത്രമായിരുന്നെന്ന് ഉറപ്പിക്കാന്‍ വേണ്ട തെളിവുകളും ഇല്ലെന്നും വിധിയില്‍ പറയുന്നു. എന്നാല്‍, 1528ല്‍ നിര്‍മിച്ചതുമുതല്‍ 1856ല്‍ അവധ് രാജ്യം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാകുന്നതുവരെ മൂന്ന് നൂറ്റാണ്ട് മസ്ജിദ് മുഗള്‍ രാജാക്കന്മാരുടെയും അവധ് നവാബുമാരുടെയും കൈവശമായിരുന്നു.
1857നുമുമ്പ് തര്‍ക്കം ഇല്ലാതിരുന്നത് അക്കാലത്ത് മുസ്ലിങ്ങള്‍ക്കുമാത്രമായി അവകാശം ഉണ്ടായിരുന്നില്ലെന്നതിനു തെളിവല്ല. മറുവശത്ത് ഹിന്ദുക്കള്‍ തുടര്‍ച്ചയായി കൈവശാവകാശം ഉന്നയിച്ചത് വിശ്വാസത്തിന്റെമാത്രം അടിസ്ഥാനത്തിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here