പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടവിറ്റഴിക്കല്‍: ഡിസംബറില്‍ വ്യാപകപ്രക്ഷോഭം: സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ജനുവരി എട്ടിനു കേന്ദ്രട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന് പാര്‍ടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്തികള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യം തകര്‍ച്ച നേരിടുമ്പോള്‍ ആഭ്യന്തര-വിദേശ കുത്തകകള്‍ക്ക് പരമാവധിലാഭം കൊയ്യാന്‍ അവസരം തുറന്നുകൊടുക്കുകയാണ് മോഡിസര്‍ക്കാര്‍. കൃഷി, വ്യവസായം, സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളും കടുത്ത മാന്ദ്യത്തിലാണ്. വ്യവസായ ഉല്‍പ്പാദനത്തില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ ഇടിവുണ്ടായി. വൈദ്യുതിആവശ്യം12 വര്‍ഷത്തെ ഏറ്റവും താഴ്ന്നതോതിലാണ്. സാമ്പത്തികവളര്‍ച്ച ഇക്കൊല്ലം അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്നാണ് നിഗമനം.

ഗ്രാമീണമേഖലയിലെ ഉപഭോക്തൃ ചെലവഴിക്കല്‍ 2017-18ല്‍ 8.8 ശതമാനം ഇടിഞ്ഞു. ദാരിദ്ര്യനിരക്കിലെ വര്‍ധനയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. തൊഴിലില്ലായ്മ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ശമ്പളമില്ലാത്ത അവധിപ്രഖ്യാപിക്കലും കൂട്ടപിരിച്ചുവിടലുകളും ഐടി മേഖലയില്‍ അടക്കം പതിവായി.

ഇതിനുപുറമെ സ്വകാര്യവല്‍ക്കരണം ശക്തമാക്കുന്നത് തൊഴിലില്ലായ്മ രൂക്ഷമാക്കും. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണം വഴി ലഭിച്ച ചെറിയതോതിലുള്ള ആശ്വാസംപോലും ഇല്ലാതാകും. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തി ആഭ്യന്തരചോദന വര്‍ധിപ്പിക്കുകയാണ് വേണ്ടത്.

എന്നാല്‍ മോഡിസര്‍ക്കാര്‍ രണ്ട് ഘട്ടമായി 2.15 ലക്ഷം കോടി രൂപയുടെ നികുതിയിളവും ഇതര ആനുകൂല്യങ്ങളും കോര്‍പറേറ്റുകള്‍ക്കാണ് നല്‍കിയത്. പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇത്രയും തുക വിനിയോഗിച്ചെങ്കില്‍ ലക്ഷക്കണക്കിനു തൊഴിലവസരം ഉണ്ടായേനെ-യെച്ചൂരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News