നെടുമ്പാശേരി: പകല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി; റണ്‍വേ നവീകരണം ബുധനാഴ്ച തുടങ്ങും

നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേ നവീകരണപദ്ധതിക്ക്‌ ബുധനാഴ്ച തുടക്കമാകും. 2020 മാർച്ച് 28 വരെ പകൽസമയം വിമാന സർവീസുകൾ ഉണ്ടാകില്ല.

ദിവസവും രാവിലെ 10ന് റൺവേ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകിട്ട് ആറുമുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചതിനാൽ പ്രതിദിനം അഞ്ച്‌ വിമാന സർവീസുകൾമാത്രമാണ് റദ്ദാകുകയെന്ന്‌ സിയാൽ അധികൃതർ അറിയിച്ചു.

റൺവേ റീ-സർഫസിങ് പ്രവൃത്തികൾക്കായി ഒരുവർഷം മുമ്പുതന്നെ സിയാൽ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികൾ പൂർണസഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സർവീസ് റദ്ദാക്കൽ ഒഴിവാക്കാനായി.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും റദ്ദായി.

പ്രതിദിനം 30,000 യാത്രക്കാരെയും 240 സർവീസുകളെയും കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിൽ പ്രവർത്തനസമയം ബുധനാഴ്ചമുതൽ 16 മണിക്കൂറായി ചുരുങ്ങും. രാവിലെയും വൈകിട്ടും തിരക്ക്‌ പരിഗണിച്ച് ചെക്ക്- ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരയാത്രക്കാർക്ക് ഇനി മൂന്നുമണിക്കൂർമുമ്പ്‌ ചെക്ക് -ഇൻ ചെയ്യാം. രാജ്യാന്തര യാത്രക്കാർക്ക് നാലുമണിക്കൂർമുമ്പും. 100 സുരക്ഷാഭടന്മാരെക്കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്.

3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവേയുടെ മിനുസം കൂടും.

റൺവേയുടെ പ്രതലം പരുക്കനായി നിലനിർത്താനാണ് റീ-സർഫസിങ് നടത്തുന്നത്. റൺവേയുടെ മധ്യരേഖയിൽ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കും.150 കോടി രൂപയാണ് നവീകരണച്ചെലവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News