കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കക്കട്ടിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാൽ ദാമു എന്ന ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സൂചന. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 7 മണിയോടെയാണ് കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിൽ ദാമുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുന്നുമ്മൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ ഹാളിൽ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

തുടർന്ന് കുറ്റ്യാടി പോലീസിൽ അറിയിച്ചു. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കട ബാധ്യതയാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ വീട് നിർമ്മാണം നടന്നു വരികയാണ്. ഇതിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന് നാട്ടുകാരും പറഞ്ഞു.
രാത്രിയോടെയാണ് ദാമുവിനെ കാണാതായത്. മുമ്പും ഇയാൾ വീട് വിട്ട് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെ കുറിച്ച് കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനും മുൻ ബൂത്ത് പ്രസിഡന്റുമാണ് മരിച്ച ദാമു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here