ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ക്രയോണ്‍ മോട്ടോഴ്‌സ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഡല്‍ഹി ആസ്ഥാനമായുള്ള ക്രയോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു രണ്ടാമത്തെ മോഡലാണ് എന്‍വി.മൂന്ന് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഇതിന് മുന്‍പ് സീസ് എന്നൊരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍വി മോഡലിനെക്കൂടി കമ്പനി വിപണിയില്‍ അവരിപ്പിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറിക്കിയ പുതിയ സ്‌കൂട്ടറില്‍ അതിന് സഹായകരമാകുന്ന ഡിസൈനും കമ്പനി നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ എല്‍ഇഡി ഇരട്ട ഹെഡ്ലാമ്പുകളാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.

എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, കീലെസ് ഇഗ്‌നിഷന്‍, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിങ്, സെന്‍ട്രല്‍ ലോക്കിങ് ഫങ്ഷന്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, റിവേഴ്സ് അസിസ്റ്റ് തുടങ്ങിയവയും സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. വലിയ സീറ്റാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. പിന്‍നിരയിലെ യാത്രക്കാര്‍ക്കായി ഒരു ബാക്ക്റെസ്റ്റും നല്‍കിയിട്ടുണ്ട്.

250 വാട്ട് BLDC മോട്ടോറാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ കരുത്ത്. 60 വാട്ടിന്റെ ഒരു ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഇതിനൊപ്പം ലഭിക്കും. സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്പീഡ് താരതമ്യേന കുറവാണെങ്കിലും, എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിന് മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ലഭിക്കുക.ജിയോ ടാഗിങ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, വലിയ ബൂട്ട് സ്പേസ് എന്നിവയാണ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകള്‍. 12 മാസ വാറണ്ടിയും സ്‌കൂട്ടറിന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രോണിക്ക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം , റീജറേറ്റിവ് ബ്രേക്കിങ് സിസ്റ്റം എന്നിവ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് നല്‍കിയിരിക്കുന്നത്. ട്യൂബ്ലെസ് ടയറുകള്‍ക്കൊപ്പം അലോയ് വീലുകളും ഇടംപിടിച്ചിട്ടുണ്ട്. വില സംബന്ധിച്ച് വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 15 -ല്‍ അധികം ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്‌സിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഎംഐ ആയി വാഹനം സ്വന്തമാക്കാം.