മണ്ഡോവി നദീതീരത്തെ ഗോവയുടെ തലസ്ഥാന നഗരിയില്‍ ഇനി ഒമ്പത് നാള്‍ ലോകസിനിമയുടെ കാര്‍ണിവല്‍‍. അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ പനാജിയില്‍ തിരി തെളിയും. 76 രാജ്യങ്ങളില്‍ നിന്നായി 200 ലധികം സിനിമകളാണ് ഇത്തവണ ഗോവന്‍ തിരശ്ശീലയിലേക്ക് തയ്യാറായിരിക്കുന്നത്.

പനാജിയിലെ ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ അമിതാഭ് ബച്ചനാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

ചടങ്ങില്‍ ദാദെ സാഹെബ് ഫാല്‍ക്കെ പുരസ്കാരം അമിതാഭ് ബച്ചന് സമ്മാനിക്കും. തന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിനാണ് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്‌കാരം. ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പെര്‍ട്ടിന് ഗോവ മേളയുടെ സമഗ്ര സംഭാവന പുരസ്കാരം നല്‍കും.

ബോളിവുഡ് താരം കരണ്‍ ജോഹറാണ് ഉദ്ഘാടനച്ചടങ്ങിന്‍റെ അവതാരകന്‍. തുടര്‍ന്ന് ശങ്കര്‍ മഹാദേവന്‍റെ ഫ്യൂഷന്‍ മ്യൂസിക്ക് അരങ്ങേറും.

സെര്‍ബിയന്‍ സംവിധായകന്‍ ഗോരാന്‍ പസ്കല്‍ജേവിക്കിന്‍റെ ‘ഡെസ്പൈറ്റ് ദി ഫോഗാണ് ഉദ്ഘാടന ചിത്രം. മൊഹ്സിൻ മക്മൽബഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘മാഗി ആൻഡ് ഹെർ മദറാണ് സമാപന ചിത്രം.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഗോവ മുൻ മുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കറിനെക്കുറിച്ചുള്ള ഹൃസ്വചിത്രവും അരങ്ങേറും. ഗോവ ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായി മാറ്റുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് പരീക്കറായിരുന്നു.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം ഹെല്ലാരോയാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം.

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, മനോജ് കാനയുടെ കെഞ്ചിറ, മനു അശോകന്‍റെ ഉയരെ, ടി കെ രാജീവ് കുമാറിന്‍റെ കോളാമ്പി, മലയാളിയായ അനന്ത് നാരായൺ മഹാദേവന്‍റെ മറാത്തി ചിത്രം ‘മായി ഘട്ട്- ക്രൈം നമ്പര്‍ 103/2005’ എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മലയാളി സാന്നിധ്യം.

നോവിൻ വാസുദേവന്‍റെ ഇരുളിലും പകലിലും ഒടിയൻ, ജയരാജിന്‍റെ ശബ്ദിക്കുന്ന കലപ്പ എന്നിവ ചലച്ചിത്രേതര വിഭാഗത്തിലുള്ള മലയാള ചിത്രങ്ങളാണ്.

സുവര്‍ണ്ണ മയൂര- രജതമയൂര പുരസ്കാരങ്ങള്‍ക്കായുള്ള പതിനഞ്ച് ചിത്രങ്ങളുടെ മത്സരവിഭാഗം പാക്കേജില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരക്കുന്നത് രണ്ട് ചിത്രങ്ങളാണ്- ലിജോ ജോസിന്‍റെ ജല്ലിക്കെട്ടും ആനന്ദ് മഹാദേവന്‍റെ മായി ഘട്ടും.

നവാഗത ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ 7 ചിത്രങ്ങള്‍ രജതമയൂരത്തിനായി മത്സരിക്കുന്നു. മനു അശോകന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഉയരെ ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.

12 ഇന്ത്യൻ ഭാഷകളിലെ 50 വർഷം പൂർത്തിയാക്കിയ സിനിമകളുടെ പ്രത്യേക പ്രദർശനം, 50 വനിതാ സംവിധായകരുടെ 50 ചിത്രങ്ങൾ , മാസ്റ്റർ ഫ്രെയിം’ വിഭാഗത്തിൽ ലോകപ്രശസ്ത സംവിധായകരുടെ 17 ചിത്രങ്ങള്‍, സുവര്‍ണ്ണ മയൂരങ്ങള്‍ നേടിയ എട്ട് ചിത്രങ്ങള്‍, ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച 24 ചിത്രങ്ങള്‍,

വിവിധ ലോക മേളകളില്‍ പുരസ്കാരം നേടിയ ചിത്രങ്ങളുടെ ഫെസ്റ്റിവല്‍ കാലിഡോസ്കോപ്, വേള്‍ഡ് പനോരമ വിഭാഗത്തില്‍ 64 ചിത്രങ്ങള്‍, ഏഷ്യന്‍ ചിത്രങ്ങളുള്‍പ്പെടുന്ന സോള്‍ ഓഫ് ഏഷ്യ എന്നിങ്ങനെ ലോക സിനിമയുടെ ഏറ്റവും കനപ്പെട്ട പാക്കേജുകളാണ് ഇത്തവണം കാണികളെ കാത്തിരിക്കുന്നത്.

മലയാളി ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന് ആദരമായി ഡോ. ബിജുവിന്‍റെ വെയില്‍ മരങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മൃണാള്‍ സെന്‍, ബര്‍ണ്ണാര്‍ഡോ ബര്‍ട്ടുലൂച്ചി, ആഗ്നസ് വെര്‍ദ, ഗിരീഷ് കര്‍ണ്ണാട് എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സര്‍ജി ഐസന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ നിശബ്ദചിത്രങ്ങളും ഈ മേളയുടെ ആകര്‍ഷണമാണ്.

ബ്രീട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്‍റെ ചിത്രങ്ങളുടെ റെട്രോസ്പക്റ്റീവ് ഈ മേളയുടെ ഏറ്റവും സുപ്രധാനമായ പാക്കേജാണ്.

ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ജപ്പാനീസ് സംവിധായകന്‍ തക്കാഷി മീക്കെയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സംഗീതകാരന്‍ ഇളയരാജ സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍കര്‍ എന്നിവരുടെ മാസ്റ്റര്‍ ക്ലാസുകളും അരങ്ങേറും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് ഇന്ത്യയുെട അന്താരാഷട്ര ചലച്ചിത്ര മേള. 1952ല്‍ മുംബൈയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്.

ദില്ലി, മുംബൈ, ഹൈദരബാദ്, തിരുവനന്തപുരം , ചെന്നൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു ആദ്യകാലങ്ങളില്‍ ചലച്ചിത്രമേള. 2004 തൊട്ടാണ് ഗോവ സ്ഥിരം വേദിയായത്. റഷ്യയാണ് ഇത്തവണത്തെ ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര പങ്കാളി.