കേന്ദ്ര സര്‍ക്കാര്‍ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുന്നു: കെ കെ രാഗേഷ് എംപി

കേന്ദ്ര സര്‍ക്കാര്‍ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുകയാണെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. നിരവധി ധീര രക്തസാക്ഷികളുടെ ജീവനും രക്തവും നല്‍കിയാണ് മഹത്തായ നമ്മുടെ രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. ജാലിയന്‍ ബാലാ വാഗ് നാഷണല്‍ മെമ്മോറിയല്‍ ഭേദഗതി ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ദം സിങ്ങ്, ഭഗത് സിംഗ്, ഹേമു കലാനി, ചന്ദ്ര ശേഖര്‍ ആസാദ്, റാം പദ്മ ധര്‍, തെലുങ്കാന തേഭാഗ രക്തസാക്ഷികള്‍, പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരാണ്. ജാലിയന്‍ വാലബാഗിലെ രക്തസാക്ഷികള്‍ക്ക് രാജ്യം അതിന്റെ ശതാബ്ദി വര്‍ഷത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന സമയത്താണ് പാര്‍ലമെന്റ് ഈ ബില്‍ ചര്‍ച്ച ചെയ്യുന്നത്.

നൂറ് കണക്കിന് നിസ്സഹായരായ മനുഷ്യര്‍ 1919 ല്‍ ജാലിയന്‍ ബാലാ വാഗില്‍ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ നടന്ന നരനായാട്ടില്‍ കൊല്ലപ്പെടുകയുണ്ടായി. ജാലിയന്‍ ബാലാവാഗ് കൂട്ടക്കൊല ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒന്നാകെ ഉണര്‍ത്തിയ ഒരു സംഭവമായിരുന്നു. ഇത് നമ്മുടെ രാജ്യത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമിട്ടു. എത്രയോ തലമുറക്കുള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു അത്. വരും തലമുറയ്ക്ക് വേണ്ടിയും ഈ സ്മാരകം സംരക്ഷിക്കേണ്ടതാണ്.

ജാലിയന്‍ ബാലാ വാഗ് ട്രസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുക്കണം എന്ന രഹസ്യ അജണ്ട ലക്ഷ്യം വെച്ചാണ് ഈ ബില്ല് കൊണ്ട് വരുന്നതിന് ഉത്സുകരാകുന്നത്. ഈ ബില്‍ കോണ്‍ഗ്രസ് പ്രസിഡണ്ടിനെ ട്രസ്റ്റി സ്ഥാനത്ത് നീക്കാന്‍ വേണ്ടി മാത്രമാണെന്ന് വിശ്വസിക്കാനാവില്ല. ഇതിന്റെ ഉള്ളിലെ ഒളി അജണ്ട എന്താണെന്ന് വ്യക്തമാക്കണം -രാഗേഷ് പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന സ്മാരകങ്ങളില്‍ ബിജെപിക്ക് എന്ത് കാര്യമാണുള്ളത്. ഈ മഹത്തായ പോരാട്ടത്തില്‍ ഇക്കൂട്ടര്‍ക്ക് യാതൊരു പങ്കുമില്ല. സ്മാരകങ്ങള്‍ കേവലം സ്മാരകങ്ങളല്ല. ഇത് മഹത്തായ ചരിത്രം പറയുന്ന സ്മാരകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി തുടര്‍ച്ചയായി പറഞ്ഞ് കൊണ്ടിരിക്കുന്നത് ഇന്ത്യയുടെ വീക്ഷണ കോണില്‍ ചരിത്രം തിരുത്തിയെഴുതേണ്ടതുണ്ടെന്നാണ്. ഇപ്പോഴത്തെ ചരിത്രം ഇന്ത്യന്‍ കാഴ്ചപ്പാടിലല്ലേ? മറ്റ് രാജ്യങ്ങളുടെ കാഴ്ചപ്പാടിലാണെന്ന് പറഞ്ഞ് ചരിത്രം തിരുത്തിയെഴുതാനാണ് ബി.ജെ.പി ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

ചരിത്രത്തില്‍ നിങ്ങള്‍ വഹിച്ച പങ്ക് നിങ്ങള്‍ മനസ്സിലാക്കണം. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരുടെ താളത്തിനൊത്ത് ആടിയവരാണ് നിങ്ങള്‍. അക്കാലത്ത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തിനനുസൃതമായി ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ബ്രിട്ടീഷ് ഭരണത്തിന് കൂട്ട് നിന്നവരാണ് നിങ്ങള്‍. സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന സ്മാരകങ്ങളില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് രാഗേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News