കുപ്രസിദ്ധ മോഷ്ടാവ് മാടവന സിദ്ദിഖ് പാലക്കാട് ഒറ്റപ്പാലത്ത് പിടിയിലായി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. പാലക്കാട് വാണിയംകുളത്ത് വെച്ച് ഒറ്റപ്പാലം പൊലീസാണ് ഇയാളെ പിടികൂടിയത്.
പെരുമ്പാവൂര്‍ സ്വദേശി സിദ്ധിഖിനെ വാണിയംകുളത്ത് പട്രോളിംഗിനിടെയാണ് ഒറ്റപ്പാലം പോലീസ് പിടികൂടിയത്. പാലപ്പുറം ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഞായറാഴ്ച്ച ഇടുക്കി സ്വദേശി ജിജോയുടെ കാറിന്റെ ചില്ല് തകര്‍ത്ത് പണം മോഷ്ടിച്ച സംഭവത്തിലാണ് പോലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്.
മോഷണത്തിന് ശേഷം ബൈക്ക് ഓടിച്ചു പോവുന്നത് ദൃക്‌സാക്ഷികള്‍ കണ്ടതും സി സി ടി വി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്. നിരവധി പിടിച്ചുപറികേസുകളിലും, മോഷണ കേസുകളിലും പ്രതിയാണ് സിദ്ധിഖ്.
ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ബൈക്കില്‍ നിന്ന് കണ്ടെത്തി. ഇതിന് മുമ്പ് പാലപ്പുറം ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് നിന്ന് കാറിന്റെ ചില്ല് തകര്‍ത്ത് 10000 രൂപയും, മൊബൈല്‍ ഫോണും കവര്‍ന്നതും, ഒറ്റപ്പാലം എല്‍ എസ് എന്‍ കോണ്‍വെന്റിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചതും സിദ്ധിഖാണെന്ന് പോലീസ് പറഞ്ഞു.
2018 സപ്തംബറില്‍ മനിശ്ശേരിയില്‍ മൂന്നേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലും, പൂഴിക്കുന്ന് ക്ഷേത്രത്തിന് സമീപത്ത് നിന്ന് രണ്ടേകാല്‍ പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലും ഒറ്റപ്പാലത്ത് കഞ്ചാവ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസുകളില്‍ സിദ്ധിഖിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്
Get real time update about this post categories directly on your device, subscribe now.