വിധി തളർത്തിയ സാവിയോ നവകേരളത്തിന്‍റെ നായകനെ കാണാനെത്തി. സെറിബ്രൽ പാൾസി ജീവിതത്തിന്‍റെ ഭാഗമായ സാവിയോ, എന്നാൽ വിധി തളർത്താത്ത കൈകൾ കൊണ്ട് വരച്ച കേരള മുഖ്യന്‍റെ ചിത്രവുമായാണ് എത്തിയത്. ഏറെ നാളത്തെ ഈ 22 കാരന്‍റെ ആഗ്രഹം സഫലമായതിന്‍റെ സന്തോഷത്തിലാണ് അവൻ മടങ്ങിയത്.

വിധി സെറിബ്രൽ പാൾസിയായി ജീവിതത്തെ തളർത്തിയെങ്കിലും അതിനെ വരയിലൂടെ അതിജീവിച്ച സാവിയോയ്ക്ക് ആഗ്രഹ സഫലീകരണത്തിന്‍റെ നിമിഷങ്ങളായിരുന്നു ഇത്.

മുഖ്യമന്ത്രിയെ കാണണം, താൻ വരച്ച കേരള നായകന്‍റെ ചിത്രം നേരിട്ട് നൽകണം. ഇതായിരുന്നു ഇൗ 22കാരന്‍റെ സ്വപ്നം. ഇന്ന് ആ ആഗ്രഹം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണവൻ.

വരമാത്രമല്ല ഇവന്‍റെ ജീവിതം, കൈതാങ്ങില്ലാത്തവരെ സഹായിക്കുന്നതും സാവിയോയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

മരണത്തെ അതിജീവിച്ച് ജീവിതത്തിലെത്തിയ സാവിയോയുടെ അത്മകഥയായ ‘സഫ്നത്ത് ഫാനെയാ’ എന്ന പുസ്തകത്തിലൂടെ കിട്ടിയ റോയൽറ്റിയും ചെറുസമ്പാദ്യവും ചേർന്ന് 51, 000 രൂപയാണ് മറ്റൊരാൾക്ക് വീട് വയ്ക്കാനായി നൽകിയത്.

തിരുവനന്തപുരം ശ്രീകാര്യത്തെ തങ്ങളുടെ സ്വന്തം വീടിന്‍റെ പണി പൂർത്തീകരിക്കുന്നതിന് മുമ്പായിരുന്നു ഇത്തരമൊരു സാമൂഹ്യ സേവനം എന്നത് ആ മനസ് വരച്ച് കാട്ടുന്നു.

അമ്മ ബ്ലസിയോടൊപ്പം മുഖ്യനെ കണ്ട സാവിയോ ആത്മകഥയും കൈമാറി. സാവിയോയുടെയും അമ്മയുടെയും സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും കൂടിക്കാ‍ഴ്ചയിൽ മുഖ്യമന്ത്രി നേർന്നു. സാവിയോ അവന്‍റെ അതിജീവന പോരാട്ടങ്ങളുമായി മുന്നോട്ടും.