ബിജെപി സമ്മതിച്ചാൽ സഖ്യത്തിന് ഇനിയും തയ്യാറാണെന്ന് ശിവസേന

മഹാരാഷ്ട്ര രാഷ്‌ടീയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെ കടന്നു പോകുന്ന ശിവസേന വീണ്ടും ബി ജെ പി ക്യാമ്പിലേക്ക് തിരിഞ്ഞിരിക്കയാണ്.

ശരദ് പവാറും സോണിയ ഗാന്ധിയും കൈവിട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് മുൻപുള്ള ധാരണ പ്രകാരം സഖ്യത്തിന് തയ്യാറായി ശിവസേന കരു നീക്കങ്ങൾ നടത്തുന്നതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

എന്നിരുന്നാലും മഹാരാഷ്ട്രയിൽ എൻ സി പിയുടെയും കോൺഗ്രസ്സിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസവും ശിവസേന കൈയ്യൊഴിഞ്ഞിട്ടില്ല.

ശരദ് പവാറിന്റെ പ്രതികരണം കാര്യമാക്കേണ്ടതില്ലെന്നും ഡിസംബർ ആദ്യ വാരത്തോടെ മഹാരാഷ്ട്രയിൽ കെട്ടുറപ്പുള്ള സർക്കാർ രൂപീകരിക്കാനാവുമെന്നാണ് ശിവസേന എംപി സഞ്ജയ് റാവുത്ത് വ്യക്തമാക്കിയത്. ശരദ് പവർ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാൻ നൂറു ജന്മം ജനിക്കണമെന്നും റാവുത്ത് കൂട്ടിച്ചേർത്തു.

ബി ജെ പി വൃത്തങ്ങൾ ശരദ് പവാറുമായി നിരന്തരം വിലപേശൽ നടത്തുന്നുണ്ടെന്നും ശിവസേനയെ ഒഴിവാക്കിയുള്ള സഖ്യത്തിനായുള്ള ശ്രമങ്ങൾ ശക്തമാണെന്നുമാണ് സേനയുടെ പ്രാദേശിക നേതാക്കൾ സംശയിക്കുന്നത്. എന്നാൽ ബി ജെ പി യുമായി യാതൊരു വിധ സഖ്യവും ഉണ്ടായിരിക്കില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിപദത്തിന്റെ കാര്യത്തിൽ എൻ സി പി കോൺഗ്രസ്സ് സഖ്യവുമായും യാതൊരു വിട്ടുവീഴ്ചക്കും സേന തയ്യാറായിട്ടില്ല.

അഞ്ചു വർഷവും ശിവസേന തന്നെ മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുമെന്നാണ് ശിവസേന അവകാശപ്പെടുന്നത്. ഈ നിബന്ധന പ്രകാരം ഇപ്പോഴും ബി ജെ പിയുമായി കൂട്ട് കൂടാൻ ശിവസേന തയ്യാറാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാർത്ത.

ശിവസേന ആരോടൊപ്പം സഖ്യം ചേരുമെന്നത് അവസാന റൗണ്ടിൽ മാത്രമാണ് അറിയുവാൻ കഴിയുകയെന്നാണ് എല്ലാ കണക്കുകൂട്ടലുകളും ആസ്ഥാനത്തായ രാഷ്ട്രീയ നിരീക്ഷകരും പറയുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here