ബോൾട്ട്.. തങ്കി കാത്തിരിക്കുന്നു.. നിന്‍റെ പൊൻതിളക്കമുള്ള മുഖം കാണാൻ

ക‍ഴിഞ്ഞ ദിവസം മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവ്വകലാശാല സിന്തറ്റിക് ട്രാക്കിൽ നിന്ന് രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടിയ വിഷ്ണുവെന്ന മുണ്ടക്കൈയുടെ ബോൾട്ടിനെ കാത്തിരിക്കുകയാണ് തങ്കി.

വിഷ്ണുവിന് മൂന്ന് വയസ്സുള്ളപ്പോ‍ഴാണ് അമ്മയും അച്ഛനും വേർപിരിഞ്ഞത്. വിഷ്ണുവിനെയും മറ്റ് രണ്ട് സഹോദരങ്ങളെയും പിന്നെ വളർത്തിയത് അമ്മായിയായ തങ്കിയാണ്. നാലാം ക്ലാസ് മുതൽ തിരുവനന്തപുരം അയ്യങ്കാളി സ്പോർട്സ് അക്കാദമിയിലാണ് വിഷ്ണു പഠിക്കുന്നത്. അവധി ദിവസങ്ങളിൽ വീട്ടിലെത്തും. ഈ ദിവസങ്ങളിൽ ചെറിയ ജോലികൾക്ക് പോകും.

തങ്കിക്കത് സന്തോഷത്തിന്‍റെ ദിവസങ്ങളായിരിക്കും. ഒാണത്തിനാണ് ഒടുവിലെത്തിയത്. ഇനി വരുന്നത് സ്വർണ്ണ മെഡലുകളുമായാണ്. അവൻ നന്നായി ജീവിക്കണം. കൂട്ടരെ നന്നായി നോക്കാൻ അവന് പറ്റും.
തങ്കിയോട് വിഷ്ണുവിന്‍റെ നേട്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതിത്രമാത്രമാണ്. പിന്നെ ഈ ചിരിയും.

ഒരു പക്ഷേ ജീവിതത്തിലിന്നോളം ഇത്രമേൽ ആഹ്ളാദത്തോടെ തങ്കി ചിരിച്ചിട്ടുണ്ടാകില്ല. ദുരിതങ്ങളുടേയും സങ്കടങ്ങളുടേയും കാലം ക‍ഴിയുന്നത് സ്വപ്നം കണ്ട കോളനിക്കാർക്ക് പ്രതീക്ഷയുടെ പൊൻതിളക്കമാണ് വിഷ്ണു നൽകിയിരിക്കുന്നത്.

ഉസൈൻ ബോൾട്ടിന്‍റെ ആരാധകനായ വിഷ്ണുവിനെ ഇപ്പോൾ മുണ്ടക്കൈ പണിയ കോളനിയിലെ അയൽക്കാരും വിളിക്കുന്നത് ബോൾട്ടെന്നാണ്. സ്വപ്നങ്ങളുടെ പിന്നാലെ പായുന്ന ഈ ഗോത്രബാലനെ നാടാകെ വരവേൽക്കാനൊരുങ്ങുകയാണിപ്പോൾ. ചൊവ്വാ‍ഴ്ച സമാപിച്ച മേളയിൽ സബ്ജൂനിയർ ആണ്കുട്ടികളുടെ വിഭാഗത്തിൽ 400 മീറ്ററിലും 200 മീറ്ററിലും സ്വർണ്ണവും നൂറ് മീറ്ററിൽ വെള്ളിയും നേടിയാണ് വിഷ്ണു
താരമായത്.

ബിജുവും നന്ദുവുമാണ് വിഷ്ണുവിന്‍റെ സഹോദരങ്ങൾ. ചീരാൽ ഗവ സ്കൂളിലെ അധ്യാപകരാണ് നാലാം ക്ലാസിലേ വിഷ്ണുവിന്‍റെ മികവ് തിരിച്ചറിഞ്ഞ് പരിശീലനത്തിനും പഠനത്തിനുമായി അയ്യങ്കാളി റസിഡൻഷ്യൽ സ്കൂളിലേക്കയച്ചത്. അവന്‍റെ മികവറിയുന്ന മുണ്ടക്കൈയിലെ കുട്ടുകാർ പറയുന്നത് യാഥാർത്ഥ്യമായാൽ മുണ്ടക്കൈയുടെ ബോൾട്ടെന്ന പേര് വിഷ്ണുവിന് നഷ്ടമാവും. വിഷ്ണു ഇന്ത്യയുടെ ബോൾട്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News