അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ജപ്പാന്‍ ഓഫീസിലാണ് പരീക്ഷണാര്‍ത്ഥം തുടങ്ങി വച്ച പുതിയ തൊഴില്‍ സംസ്‌കാരം വിജയം കണ്ടതായി എച്ച് ആര്‍ ഹെഡ് അവകാശപ്പെടുന്നത്. ആഴ്ചയില്‍ നാല് ദിവസമായി പ്രവര്‍ത്തി ദിവസം ചുരുക്കിയതോടെ ജീവനക്കാര്‍ക്ക് സന്തോഷമായെന്ന് മാത്രമല്ല കമ്പനിയുടെ ഉത്്പാദനക്ഷമതയില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

വര്‍ക്ക് ലൈഫ് ചോയ്‌സ് ചലഞ്ച് എന്ന പദ്ധതിയുടെ ഭാഗമായാണ് ഏകദേശം രണ്ടായിരത്തിലധികം വരുന്ന ജോലിക്കാര്‍ക്ക് ശമ്പളം കുറക്കാതെ തന്നെ വെള്ളിയാഴ്ചയും കൂടി അവധി കൊടുത്തുകൊണ്ടുള്ള പരീക്ഷണത്തിന് മൈക്രോസോഫ്റ്റ് തുനിഞ്ഞത്.

ഈ കാല പരിധിയില്‍ ജീവനക്കാരില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും വേഗതയും മാത്രമല്ല കാര്യപ്രാപ്തിയോടെ ജോലികള്‍ പൂര്‍ത്തിയാക്കുവാനുള്ള മനോഭാവവും കൂടി. കൂടാതെ മൂന്ന് ദിവസം പ്രവര്‍ത്തി ദിവസമല്ലാത്തതിനാല്‍ വൈദ്യുതി, ഭക്ഷണം, മറ്റ് അഡ്മിനിസ്‌ട്രേഷന്‍ ചിലവുകള്‍ തുടങ്ങിയ വകയിലും കമ്പനിക്ക് നേട്ടമുണ്ടായതായി അവകാശപ്പെടുന്നു.

കൂടുതല്‍ വിശ്രമ സമയത്തിലൂടെ ഉന്മേഷവും അറിവും കൈമുതലാക്കുവാന്‍ പ്രയോജനപ്പെടുമെന്നും ചെയ്യുന്ന ജോലി കൂടുതല്‍ പ്രവര്‍ത്തനക്ഷമതയോടെയും നൈപുണ്യത്തോടെയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മൈക്രോസോഫ്റ്റ് ജപ്പാന്‍ പ്രസിഡണ്ട് ടാക്കൂയ ഹിരാനോ അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനക്ഷമത കൂടിയതോടെ കുറഞ്ഞ പ്രവര്‍ത്തി സമയം കൊണ്ട് തന്നെ ഉദ്ധിഷ്ടഫലം കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ് കമ്പനിയുടെ നേട്ടമെന്നും ഹിരാനോ കമ്പനിയുടെ വെബ്സൈറ്റില്‍ കുറിക്കുന്നു. 92 % ജീവനക്കാരും ആഴ്ചയില്‍ 4 ദിവസം ജോലിയെന്ന ആശയത്തെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായല്ല ഒരു കമ്പനി പ്രവര്‍ത്തി സമയം കുറച്ചു കൊണ്ടുള്ള നടപടി കൈക്കൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം 240 ജീവനക്കാരുള്ള ഒരു ന്യൂസിലാന്‍ഡ് കമ്പനി തങ്ങളുടെ പ്രവര്‍ത്തി സമയം കുറച്ചു കൊണ്ടുള്ള നടപടി പരീക്ഷിച്ചിരുന്നു. ഈ കാലയളവില്‍ ജീവനക്കാര്‍ക്ക് ജോലിയും വ്യക്തി ജീവിതവും ബാലന്‍സ് ചെയ്യുവാന്‍ കഴിഞ്ഞുവെന്നും മാനസിക പിരിമുറുക്കത്തിന്റെ അളവില്‍ ഗണ്യമായ കുറവാണു അനുഭവപ്പെട്ടതെന്നും കമ്പനി അവകാശപ്പെട്ടു.